ന്യൂഡൽഹി: കേരളത്തിലെ സഭാ തർക്കം വീണ്ടും കോടതിയിലേക്ക്. ഭരണഘടന അനുശാസിക്കുന്ന വിധം തങ്ങളുടെ വിശ്വാസവും ആചാരങ്ങളും തുടരുന്ന സാഹചര്യം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടു യാക്കോബായ സുറിയാനി സഭ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ബന്ധപ്പെട്ട ബെഞ്ച് വേനലവധിക്കുശേഷം ജൂലൈ മൂന്നിനു പരിഗണിക്കും.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ.ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഈ കേസ് ബന്ധപ്പെട്ട ബെഞ്ചിനു വിട്ടത്. സഭാക്കേസ് പരിഗണിച്ചുവരുന്ന ബെഞ്ച് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു.യു.ലളിത് എന്നിവരുടേതാണ്. കൂടുതൽ വിപലുമായ ബഞ്ച് കേസ് പരിഗണിക്കുമ്പോൾ യാക്കോബായക്കാർ പ്രതീക്ഷയിലാണ്. യാക്കോബായ സുറിയാനി സഭയിലെ 61 ഇടവകാംഗങ്ങളാണു ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അന്ത്യോക്യയിലെ പാത്രിയർക്കീസിന്റെ ആത്മീയവും അല്ലാത്തതുമായ പരമാധികാരത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ വിശ്വാസവും ആരാധനയും തുടരാൻ കഴിയാത്ത നിലയാണിപ്പോഴെന്നു ഹർജിയിൽ പറയുന്നു.

ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം വീണ്ടും കൈയാങ്കളിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് അന്തിമ ശ്രമമെന്ന നിലയിൽ യാക്കോബായക്കാർ വീണ്ടും സുപ്രീംകോടതിയിൽ എത്തുന്നത്. ഏപ്രിൽ 19ലെ സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയാണ് സഭാതർക്കം വീണ്ടും തെരുവിലേക്കെത്തുന്നതിന് കാരണമായിരിക്കുന്നത്. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതിവിധി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യാക്കോബായ കക്ഷി.

കോടതി വിധി അനുസരിച്ച് സംസ്ഥാനത്തെ സിംഹാസന, ക്നാനായ, സുവിശേഷ സമാജം എന്നീ പള്ളികൾക്ക് മാത്രമേ നിലവിൽ വിധി ബാധിക്കാതെയുള്ളൂ. യാക്കോബായ സഭയുടെ കീഴിലുള്ള 400 പള്ളികൾ കോടതി ഉത്തരവിലൂടെ ഓർത്തഡോക്സ് സഭയുടെ കീഴിലേക്ക് പോകാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയിൽ എത്തുന്നത്. കോട്ടയം: ഓർത്തഡോക്‌സ് സഭ ഒരു പൂവ് ചോദിച്ചപ്പോൾ സുപ്രീംകോടതി നൽകിയത് പൂന്തോട്ടം! സഭാ തർക്കത്തിലെ് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് നോക്കി കണ്ടത് ഇപ്രകാരത്തിലായിരുന്നു. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നിൽ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചിരുന്നു. എന്നാൽ ഒരിക്കൽ കൂടി നിയമവഴി തേടുകയാണ് സഭ

കോളിളക്കം സൃഷ്ടിച്ച മൂന്നാം സമുദായ(സഭാ)ക്കേസിന്റെ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, മണ്ണത്തൂർ സെന്റ് ജോർജ്, വരിക്കൊലി സെന്റ് മേരീസ്, നെച്ചൂർ സെന്റ് തോമസ്, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് എന്നീ അഞ്ചു പള്ളികളിൽ ഉടെലെടുത്ത തർക്കം സംബന്ധിച്ച കേസിലാണ് കോടതി വിധി. ഇത് പുനഃപരിശോധിക്കണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ആണ് കോടതി തള്ളിയത്. ജൂലൈ 3-ലെ കോടതി വിധിയിൽ ഓരോ പള്ളികളിലേയും തർക്കം പരിഹരിച്ചു ഏകീകൃത ഭരണ സംവിധാനം നിലവിൽവരണമെന്നാണ് നിർദ്ദേശം. 1934-ലെ ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കരാറുകൾ അംഗീകരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളിയ കോടതി 1995-ലെ സുപ്രീം കോടതി വിധി മാത്രമേ നിലനിൽക്കൂ എന്നും വിധിയിൽ പറയുന്നു.

വിഘടിത (യാക്കോബായ) വിഭാഗത്തിന്റെ 2002 -ലെ ഭരണഘടനയും ഉടമ്പടികളും കരാറുകളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട കോടതി പാത്രിയർക്കീസിന്റെ അധികാരവകാശങ്ങൾ അപ്രതീക്ഷമായ മുനമ്പിൽ എത്തിയെന്നും കണ്ടെത്തി. സഭയ്ക്ക് കീഴിലെ 100-ഓളം പള്ളികളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇരുസഭകൾക്കും കീഴിൽ 2000 പള്ളികളാണ് ഉള്ളത്. 1995-ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ച കോടതി, 1934-ലെ സഭാ ഭരണഘടന ആവശ്യമെങ്കിൽ ഭേദഗതി ചെയ്യാമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇടവകളിൽ സമാന്തര ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയിൽ പ്രത്യേകം പറയുന്നു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995-ൽ ജസ്റ്റിസുമാരായ ആർ.എം സഹായി, ബി.പി ജീവൻ റെഡ്ഡി, എസ്. സി സെൻ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാൽ വിധി അംഗീകരിക്കാൻ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. ഇത് മലങ്കര സഭയെ വ്യവാഹാരത്തിലേക്കും മറ്റും തള്ളിവിടുകയായിരുന്നു.

വിധി മറികടക്കാൻ 2002-ൽ യാക്കോബായ വിഭാഗം പുതിയ ഭരണഘടന രൂപീകരിച്ചു, ഈ ഭരണഘടന അസാധുവാണെന്നും കോടതി വ്യക്തമാക്കി. 1995 -ൽ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2002ൽ കേരള ഹൈക്കോടതി കമ്മീഷന്റെ നേതൃത്വത്തിൽ പരുമലയിൽ സഭാ ഭരണം നിശ്ചയിക്കാൻ മലങ്കര അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം മറുവിഭാഗം അസോസിയേഷൻ ബഹിഷ്‌കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സമാന്തര ഭരണം നടത്തുന്നതാണ് സഭാ തർക്ക വിഷയങ്ങൾ കാലക്രമേണ വഷളാക്കിയത്. നിലവിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം. ഇതോടെ എല്ലാ പള്ളികളും അവരുടെ നിയന്ത്രണത്തിലാകും. ഇത് അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും ഓർത്തഡോക്സ് നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോടതി വിധി ആയതു കൊണ്ട് തന്നെ വിധി അംഗീകരിക്കാതിരിക്കാൻ സർക്കാരുകൾക്കും കഴിയില്ല.

ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും 1934 ലെ സഭാ ഭരണഘടന മാത്രമേ നിലനിൽക്കുവെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും യാക്കോബായ മെത്രാപ്പൊലീത്ത നേരത്തെ വിശദീകരിച്ചിരുന്നു. കേസിൽ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാൻ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ലെന്നും മുതിർന്ന മെത്രാപ്പൊലീത്ത തോമസ് മാർ തിമോത്തിയോസ് പറഞ്ഞിരുന്നു. പള്ളികൾ പണിതുയർത്തിയത് അന്തോഖ്യാ സിംഹാസനത്തിന് കീഴിൽ ആരാധനയ്ക്കാണെന്നും സഭാവിശ്വാസം ഭരണഘടനയ്ക്ക് കീഴിൽ ബലികഴിക്കാനുള്ളതല്ലെന്നും ഓർത്തഡോക്സുകാർ പറയുന്നു. ആത്മീയകാര്യങ്ങളിൽ അവസാനവാക്ക് ലോകത്തിന്റേതല്ല ദൈവത്തിന്റേതാണ്. രക്തവും പണവും ചെലവഴിച്ച് സ്ഥാപിച്ച പള്ളികളിൽനിന്ന് ഇറങ്ങിപ്പോകാൻ ഒരു വ്യവസ്ഥിതിക്കും പറയാനാകില്ലെന്നാണ് നിലപാട്.

1934ലെ ഏതെങ്കിലും ഭരണഘടനയുടെ പേരിൽ വിശ്വാസവും പാരമ്പര്യവും ബലികഴിക്കാനാവില്ല. യാക്കോബായ സഭ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ്. കേരളത്തിനു വെളിയിലുള്ള പള്ളികൾ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഇതൊന്നും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഉടമ്പടിയുള്ളപ്പോൾ രജിസ്റ്റർ ചെയ്യാത്ത ഭരണഘടന പിന്തുടരണമെന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നതാണ് യാക്കോബായക്കാരുടെ നിലപാട്.