കോട്ടയം: ഗൾഫിൽ നിന്ന് നാട്ടിൽ ലീവിനെത്തിയ യുവാവിന്റെ അപകട മരണത്തിൽ ഞെട്ടി നാട്ടുകാർ. എരുമേലി ഉമ്മിക്കൊപ്പ സ്വദേശി സബിൻ വർഗ്ഗീസാണ് (29 വയസ്സ്) കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും മുക്കൂട്ടുത്തറയിലേക്ക് പോകുന്നതിനിടയിലാണ് സബിന് അപകടം സംഭവിച്ചത്. എതിരെ വന്ന കാർ സബിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന യുവാവ് ഒരു മാസം മുൻപാണ് ലീവിന് നാട്ടിൽ വന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും അപകട വാർത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ്. എല്ലാവരോടും കളിച്ച് ചിരിച്ച് നടക്കുന്ന യുവാവ് ലീവിന് എത്തിയത് മുതൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആഘോഷമാണ്. സൗദിയിലെ സാൻഡ്‌സ് എന്ന ഹോട്ടലിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. മൂന്നാറിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സബിൻ വിദേശത്തേക്ക് പോയത്. ഉമ്മിക്കൊപ്പ സ്വദേശികളായ സാബം മോളി ദമ്പതികളുടെ ഇളയ മകനാണ് സബിൻ.സഹോദരി സൗമ്യ നഴ്‌സാണ്.

മുക്കൂട്ടുതറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. മുക്കൂട്ടുത്തറ ഇടകടത്തിറോഡിലെ മന്ദിരംപടി വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഈ പ്രദേശം കൊടും വളവാണെന്നും ഇവിടെ അപകടങ്ങൾ സ്ഥിരം സംഭവമാണെന്നുമാണ് നാട്ടുകാർ പറയുന്നചത്. സബിനെ ഇടിച്ചിട്ട വാഹനത്തെ ക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇത് ഈ പ്രദേശത്തുള്ള വണ്ടിയാണോ എന്ന് ഉറപ്പില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് നിന്നും സബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.നാട്ടിലെത്തിയത് മുതൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എന്ത് ആവശ്യത്തിനും ഓടി നടക്കുന്ന വ്യക്തിയാണ് സബിൻ.