കണ്ണൂർ: രണ്ടാം ഭാര്യക്ക് നിറം പോരാ. സൗന്ദര്യവും കുറവ്. ഒടുവിൽ പഴത്തിൽ സയനേഡ് കലർത്തി കഴിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 2006 ഓഗസ്റ്റ് 2 ന് കൊളവല്ലൂരിലെ സാബിറയെ മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായത്.

സാബിറയുടെ ആന്തരീകാവയവങ്ങൾ പരിശോധിച്ചപ്പോൾ സയനേഡ് കഴിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കേസ് അവസാനിപ്പിക്കുകയും ചെയ്തു. തന്റെ മകളുടെ മരണത്തിൽ സംശയമുണ്ടെന്നും പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സാബിറയുടെ പിതാവ് ഹൈക്കോടതിയിൽ പരാതി നൽകി.

ഹരജി പരിഗണിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്നത്തെ നാർക്കോട്ട്ക് സെൽ ഡി.വൈ. എസ്. പി. വി.എൻ. വിശ്വനാഥന്റെ നേതൃത്വത്തിൽ പൊലീസ് സാബിറയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ദൃക്സാക്ഷികൾ ആരുമില്ലാത്ത സാബിറയുടെ മരണത്തിൽ പൊലീസ് ശാസ്ത്രീയ അന്വേഷണ രീതിയാണ് സ്വീകരിച്ചത്.

സാബിറയുടെ മരണം ആത്മഹത്യയല്ലെന്നും അതുകൊലപാതകമാണെന്നും സ്ഥിരീകരിക്കുന്നതിനിടെ അന്വേഷണ സംഘം തലവനായ ഡി.വൈ. എസ്. പി. വിശ്വനാഥനെ കാസർഗോട്ടേക്ക് സ്ഥലം മാറ്റി. അതോടെ പുതുതായി ചുമതലയേറ്റ നാർക്കോട്ടിക് ഡി.വൈ. എസ്. പി. എം. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തുടർന്നുള്ള അന്വേഷണം. ഡി.വൈ. എസ്. പി. വിശ്വനാഥൻ അന്വേഷിച്ചു കണ്ടെത്തിയ ശാസ്ത്രീയ തെളിവുകൾ തന്നെ കൃഷ്ണന്റെ അന്വേഷണത്തിലും കണ്ടെത്തി.

സാബിറക്ക് പഴത്തിൽ സയനേഡ് കലർത്തി നൽകാറുണ്ടെന്നായിരുന്നു സംഘം കണ്ടെത്തിയത്. ഇതോടെ ഡി.വൈ. എസ്. പി. കോടതിയിൽ സാബിറയുടെ ഭർത്താവ് അബ്ദുൾ ലത്തീഫിനെതിരെ റിപ്പോർട്ട് നൽകിയിരിക്കയാണ്. ലത്തീഫിനെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അബ്ദുൾ ലത്തീഫിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട സാബിറ.

കറുത്ത നിറമുള്ള സാബിറയെ നിറത്തിന്റെ പേരിലും സൗന്ദര്യമില്ലെന്നു പറഞ്ഞും ലത്തീഫ് പീഡിപ്പിക്കാറുണ്ടായിരുന്നു. സാബിറ ഗർഭണിയാകില്ലെന്ന സംശയവും അവളെ ഇല്ലാതാക്കാൻ ലത്തീഫിന് പ്രേരണയേകി. അതിനാൽ തുടർച്ചയായി പഴത്തിൽ സയനേഡ് കലർത്തി ഭാര്യയെ കഴിപ്പിക്കാറുണ്ടായിരുന്നു. സാബിറ മരിച്ച ശേഷം അബ്ദുൾ ലത്തീഫു തന്നെ ഭാര്യ ആത്മഹത്യ ചെയ്തതായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.