കൊൽക്കത്ത: മലയാളത്തിലുൾപ്പെടെ ശ്രദ്ധേയമായ ഗാനങ്ങൾ പാടിയ പ്രശസ്ത ഗായിക സബിത ചൗധരി (72) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ സലീൽ ചൗധരിയുടെ ഭാര്യയാണ് സബിത. ഇക്കഴിഞ്ഞ ജനുവരി മുതൽ ശ്വാസകോശത്തിനും തൈറോയ്ഡിനും ബാധിച്ച കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണ് സലിൽ ചൗധരി -സബിത ദമ്പതികൾക്ക്.

മലയാളത്തിൽ 1975 -ൽ തോമാശ്ലീഹാ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം സബിത പാടിയ വൃച്ഛികപ്പെണ്ണേ, വേളിപ്പെണ്ണേ... എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഭർത്താവ് സലിൽ ചൗധിരിയാണ് വയലാർ എഴുതിയ ഈ ഗാനത്തിന് ഈണം നൽകിയത്. കൂടാതെ 1978 -ൽ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിൽ സലിൽ ചൗധരിയുടെ സംഗീതത്തിൽ സബിത പാടിയ ''ഒരുമുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ ...' എന്ന ഗാനം എക്കാലത്തേയും ആസ്വാദകരുടെ മനസ്സിൽ ഇന്നും ഒട്ടും മധുരിമ ചോരാത്ത ഗാനമാണ്. ശ്രീകുമാരൻ തമ്പിയാണ് ഈ ഗാനം എഴുതിയത്.

യേശുദാസിനൊപ്പം പാടിയ രാക്കുയിലേ ഉറങ്ങൂ (ചിത്രം-ഈ ഗാനം മറക്കുമോ), മയിലുകളാടും ആ മാലിനി തൻ തീരം(ചിത്രം സമയമായില്ല പോലും), മേലെ പൂമല, നീ മായും നിലാവേ (രണ്ടുഗാനങ്ങളും മദനോത്സവം എന്ന ചിത്രത്തിൽ), ഭൂമിതൻ സംഗീതം നീ (ചിത്രം- അന്തിവെയിൽ പൊന്ന്) എന്നീ ഗാനങ്ങളും ദേവദാസി എന്ന ചിത്രത്തിൽ സബിത പാടിയ ' ഇനി വരൂ തേൻ നിലാവേ...' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

ബംഗാളി ഗായികയായി രംഗത്തുവന്ന സബിത തുടർന്ന് ഹിന്ദി ചലച്ചിത്രഗാനരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. ഇതിനിടെയായിരുന്നു സംഗീത സംവിധായകൻ സലിൽ ചൗധരിയുമായുള്ള വിവാഹം. വിവാഹശേഷവും സബിത തന്റെ ഗാനസപര്യ തുടർന്നു. ഹിന്ദി, ബംഗാളി കൂടാതെ കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും സബിത തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

സലീൽ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയാണ് സബിത. അന്തര, സഞ്ചാരി, സഞ്ജോയ് ചൗധരി, ബോബി ചൗധരി എന്നിവരാണ് മക്കൾ. എന്നു സ്വന്തം ജാനകിക്കുട്ടി എന്ന മലയാള ചിത്രത്തിലൂടെ അച്ഛന്റെ പാതയിൽ സംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് സഞ്ജോയ് ചൗധരി. ഇങ്ങിനെയൊരു നിലാപക്ഷി, രാസലീല എന്നീ രണ്ട് ചിത്രങ്ങൾക്ക് കൂടി സംഗീതം നൽകി.