ആലപ്പുഴ : ഇന്നലെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ യുവതിയെ ഭർത്താവ് മൃഗീയമായി വെട്ടിക്കൊന്ന വാർത്ത ആ ഗ്രാമത്തെ ഞെട്ടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഇടവഴിക്കൽ വീട്ടിൽ കബിറിന്റെ മകൾ സബിത (28) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. 

ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഉച്ചയൂണും വിളമ്പി ഭർത്താവിനെ കാത്തിരുന്ന സബിതയ്ക്കാണ് വിധി അരുംകൊല നൽകിയത്. മയക്കുമരുന്നിന് അടിമായ ഭർത്താവ് സന്ദീപ് പതിവായി സബിതയുമായി വഴക്കടിക്കാറുണ്ടായിരുന്നു.

ഇന്നലെ പി എസ് സി ക്ലാസിന് പോയ സബിതയെ ക്ലാസിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുവന്നാണ് സന്ദീപ് വാക്കത്തിക്കൊണ്ട് കഴുത്ത് വെട്ടിമാറ്റിയത്. ഇവർക്ക് ഏഴു വയസുള്ള ആൺകുട്ടിയുണ്ട്- അലി മുഹമ്മദ്. പ്രതി സന്ദീപിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സബിതയുടെ മൃതദേഹം വാണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മുസ്ലിം മതവിശ്വാസിയായ സബിത സന്ദീപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് കടുത്ത പ്രണയത്തിനൊടുവിലാണ്. അയൽപക്കക്കാരായ ഇവർ നിത്യവും കണ്ട് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. പിന്നീട് വീടും വീട്ടുകാരെയും ഉപേക്ഷിച്ച് സബിത സന്ദീപിനൊപ്പം ഇറങ്ങിത്തിരിച്ചു. പ്രണയിനിയോടുള്ള ഒടുങ്ങാത്ത സ്നേഹം മൂലം സന്ദീപും ഇസ്ലാംമതം സ്വീകരിക്കാൻ തയ്യാറായി. അങ്ങനെ സന്ദീപ് സൽമാനായി. എന്നാൽ ഇരുസമുദായത്തിൽപ്പെട്ട ഇവരുടെ വിവാഹത്തിന് ആദ്യമൊക്കെ സമുദായങ്ങളിൽനിന്നും കടുത്ത എതിർപ്പ് ഉണ്ടായെങ്കിലും സബിത നിലപാടിൽ ഉറച്ചു നിന്നു. മുസ്ലിം ആയില്ലെങ്കിലും സന്ദീപിനെ തനിക്ക് വിട്ടുതരണമെന്ന ആവശ്യമായിരുന്നു സബിതയുടേത്.

ഒടുവിൽ ഇഷ്ടപ്പെട്ട പുരുഷനെ നേടിയെടുക്കാൻ സബിതയുടെ നിലപാടുകൾക്ക് കഴിഞ്ഞു. പക്ഷെ വിധി സബിതയോട് ക്രൂരമായി പ്രതികരിച്ചു. ആർക്കുവേണ്ടിയാണോ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചത് അയാൾ തന്നെ കാലപുരിക്ക് അയക്കുന്ന അതിദയനീയമായ അന്ത്യമായിരുന്നു സബിതയുടേത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. സബിതയെ വിവാഹം കഴിച്ചശേഷം സന്ദീപ് മുസ്ലിമായെങ്കിലും ഈ അടുത്തസമയത്ത് ഇയാൾ പഴയമതത്തിലേക്ക് മടങ്ങിയതായി നാട്ടുകാർ പറയുന്നു.

മയക്കുമരുന്നിന് അടിമയായ സന്ദീപ് നിരവധി കേസുകളിലും പ്രതിയാണ്. സബിതയുടെ വീട്ടിൽനിന്നും ലഭിക്കുമെന്ന് സന്ദീപ് പ്രതീക്ഷിക്കുന്ന പണം തന്നെയായിരുന്നു ഇവിടെയും വില്ലൻ. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നെങ്കിലും സബിതയുടെ വീട്ടുകാർ കാര്യങ്ങൾ അന്വേഷിക്കാൻ പതിവായി എത്താറുണ്ടായിരുന്നു. ഈ അടുത്ത സമയത്ത് 3.5 ലക്ഷം രൂപ സന്ദീപിന് ഇവർ നൽകിയിരുന്നു. വീടിനോടു ചേർന്നുള്ള അഞ്ചു സെന്റ് സ്ഥലവും സബിതയുടെയും മകന്റെയും സന്ദീപിന്റെയും പേരിൽ വീട്ടുകാർ എഴുതിവച്ചിരുന്നു. ഇതിനിടയിലാണ് സന്ദീപ് വീണ്ടും പണം ആവശ്യപ്പെട്ട് സബിതയുടെ വീട്ടുകാരെ സമീപിച്ചത്. ഇത് സബിതയ്ക്കും അത്ര പിടിച്ചില്ല.

വീട്ടുകാരോട് പണം ആവശ്യപ്പെടാത്തതിനാൽ സന്ദീപിന് സബിതയോട് അടങ്ങാത്ത പകയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം ഇവർ താമസിക്കുന്ന വീട്ടിൽനിന്നും കേൾക്കുന്ന ഉച്ചത്തിലുള്ള സംസാരവും പണത്തിനുവേണ്ടിയുള്ളതായിരുന്നു. വഴക്ക് തുടർന്നതോടെ വീട്ടുകാർ സബിതയെയും കുഞ്ഞിനെയും വിളിച്ചുകൊണ്ടുപോയി. പിന്നീട് കോടതി നിർദ്ദേശിച്ച പ്രകാരം ഒന്നിച്ചു താമസിക്കാൻ എത്തിയിട്ട് 11 ദിവസം മാത്രമെ ആയിട്ടുള്ളു. ടൂവീലർ മെക്കാനിക്കായ സന്ദീപ് മുഴുവൻ സമയവും സുഹൃത്തുക്കളുമായി മയക്കുമരുന്ന് വ്യാപനത്തിനും ഉപയോഗത്തിനുമായി സമയം ചിലവഴിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.

അദ്ധ്യാപികയായ ആനന്ദവല്ലിയുടെ മകനാണ് സന്ദീപ്. റിട്ട. പട്ടാളക്കാരനായിരുന്ന അച്ഛൻ കടുത്ത മദ്യപാനത്തെ തുടർന്നു ഒരു കേസിൽപ്പെട്ട് പിടികൂടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നു. വിടിനടുത്തുള്ള അമ്പലത്തിനു മുന്നിൽ പ്രതിഷ്ഠിച്ച ശ്രീകൃഷ്ണ വിഗ്രഹം തകർത്തതായിരുന്നു കേസ്. അമിതലഹരി ഉപയോഗമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതൊണ് പൊലീസിന്റെ പ്രഥമിക നിഗമനം. പുന്നപ്ര പൊലീസ് കേസ് അന്വേഷണം ഊർജിതമാക്കി.