- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല- പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര; ഒരുകേസ് പേലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് നിയസഭയിൽ പിണറായിയുടെ മറുപടി; വിശ്വാസികളെ കബളിപ്പിച്ചെന്ന് ആരോപണം
തിരുവനന്തപുരം: ശബരിമല-പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒന്നാം പിണറായി സർക്കാരിന്റെ വാഗ്ദാനം ഇതുവരെ നടപ്പായില്ല. കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം അറിയിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലെ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകളും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ്. ഇതിനു പിന്നാലെ ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാൽ ഒരു കേസ് പോലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്നാണ് ഇന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയത്. ഇതോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ മന്ത്രിസഭയുടെ തീരുമാനം ഇരുകൂട്ടരുടെയും കണ്ണിൽ പൊടിയിട്ട് തെരഞ്ഞെടുപ്പ് കാലത്ത് ഒപ്പം നിർത്താനുള്ള തന്ത്രം മാത്രമായിരുന്നെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്.
പിടിഎ റഹീം എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകൾ പിൻവലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ശബരിമല - പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഐജിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 836 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങിയ ശേഷം തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി നൽകുന്ന സൂചന.
കഴിഞ്ഞ ഫെബ്രുവരി 24-ാം തീയതി ചേർന്ന മന്ത്രിസഭായോഗമാണ് ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനായിരുന്നു അന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ.
പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ നിയമോപദേശത്തിന് ശേഷം പിൻവലിക്കുമെന്നാണ് അന്ന് തീരുമാനിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്ന ആവശ്യം പരിഗണിച്ചായിരുന്നു് സർക്കാർ നീക്കം. എന്നാൽ വിശ്വസികളെയാകെ സർക്കാർ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.
നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങൾക്കെതിരെ സ്ത്രീകൾക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനായിരുന്നു തീരുമാനം. എൻഎസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം രാഷ്ട്രീയഭേദമന്യേ എല്ലാവരും സ്വാഗതം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ