ശബരിമല: ശബരിമലയിലെ അടുത്ത തീർത്ഥാടന കാലത്തേക്കുള്ള നിയുക്ത മേൽശാന്തിമാരെ കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയാകും. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.

പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ: പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനം (അദ്ധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്‌കൂൾ). മക്കൾ: നാരായണൻ നമ്പൂതിരി (ഐഐടി വിദ്യാർത്ഥി കർണാടക), വിഷ്ണു നമ്പൂതിരി (ഡിഗ്രി വിദ്യാർത്ഥി മാവേലിക്കര ബിഷപ് മൂർ കോളേജ്). സഹോദരങ്ങൾ: ശങ്കരൻനമ്പൂതിരി, എൻ.ഗോവിന്ദൻനമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സുവർണനി അന്തർജനം, ഗീത അന്തർജനം.

രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിൽ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികൾ സന്നിധാനത്തെത്തി നറുക്കെടുക്കുന്നതാണ് രീതി. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വർമയാണ് ഇത്തവണ നറുക്കെടുത്തത്. വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. 21-ന് രാത്രി 10-ന് നട അടയ്ക്കും.