പത്തനംതിട്ട: ശബരിമല അനുബന്ധ പാതയുടെ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് തിരുത്തി കരാറുകാരനും പൊതുമരാമത്തിലെ ഉന്നതനും ചേർന്ന് കോടികൾ തട്ടി. എസ്റ്റിമേറ്റ് തുക തിരുത്തി ഇരട്ടിയാക്കിയ സംഭവത്തിൽ അന്വേഷണത്തിന് എൻക്വയറി കമ്മിഷൻ ഉത്തരവിട്ടു.

ശബരിമല അനുബന്ധ പാതകളിൽ ഏറ്റവും പ്രധാനപ്പെട്ട കോഴഞ്ചേരി-മേലുകര-റാന്നി റോഡിന്റെ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കാനാണ് എൻക്വയറി കമ്മിഷണർ ഉത്തരവിട്ടിരിക്കുന്നത്. എസ്റ്റിമേറ്റ് തുകയിൽ വൻ കൃത്രിമം കാട്ടി പി.ഡബ്ല്യു.ഡി ഉന്നതരും കരാറുകാരനും ചേർന്നു നിലവാരം കുറഞ്ഞ രീതിയിൽ പണികൾ തീർത്തശേഷം സർക്കാരിന്റെ കോടികൾ പങ്കിട്ടെടുത്തു എന്ന മുക്കൂട്ടുതറ കൊല്ലമുള ദിലീപ് മാത്യുവിന്റെ പരാതിയെ തുടർന്നാണ് നടപടി. 13 കി.മീറ്റർ വരുന്ന കോഴഞ്ചേരി-മേലുകര-റാന്നി റോഡ് ദേശീയ നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനായി പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയറുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട എക്‌സിക്യുട്ടീവ് എൻജിനിയറാണ് 7,02,03,145 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.

ഈ എസ്റ്റിമേറ്റ് തുകയിൽ തിരുത്തൽ വരുത്തി 13.5 കോടി രൂപയായി വർധിപ്പിക്കാൻ എക്‌സിക്യട്ടീവ് എൻജിനിയർ തയാറായി. കരാറുകാരനും ഇതിൽ പങ്കാളിയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എസ്റ്റിമേറ്റ് തുക വർധിപ്പിച്ചിട്ടും ദേശീയ നിലവാരത്തിൽ പണി നടത്തിയില്ലെന്നുള്ളതാണ് മറ്റൊരു പരാതി. സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് റോഡിന്റെ മൊത്തത്തിലുള്ള സ്റ്റേഷൻ ലെവൽ കണ്ടെത്താതെയായിരുന്നു നിർമ്മാണം. റോഡ് സബ്‌ഗ്രേഡ് ചെയ്യുകയോ വെറ്റ് മിക്‌സ് മെക്കാഡം ചെയ്യുകയോ ഉണ്ടായില്ല. മാത്രമല്ല പ്രൈം കോട്ടുപോലും അടിക്കാതെ മുമ്പുണ്ടായിരുന്ന ടാറിനുമുകളിൽ ട്രാക്ക് കോട്ട് അടിച്ചശേഷം ബിറ്റുമിൻ കോൺക്രീറ്റ് മാത്രമാണ് ചെയ്തിട്ടുള്ളത്. എസ്റ്റിമേറ്റ് പ്രകാരം ചെയ്യേണ്ടിയിരുന്ന ഡെൻസ് ബൗണ്ട് മെക്കാഡം ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

നിർമ്മാണത്തിലെ അപാകതമൂലം ടാർ ചെയ്തു കഴിഞ്ഞ് ദിവസങ്ങൾക്കകം റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ പ്രത്യക്ഷപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യഥാർഥത്തിൽ കേരളാ സർക്കാർ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോപ്പറേഷനാണ് ആദ്യം കരാർ നൽകിയിരുന്നത്. ദേശീയ നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾപോലും ഇല്ലാത്ത കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏറ്റെടുത്ത കരാർ റാന്നിയിലെ ബെഗേറാ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന് മറിച്ചുകൊടുക്കുകയായിരുന്നു. ഇതിനു പിന്നിൽ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ജനറൽ മാനേജർക്കും പങ്കുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

റോഡ് നിർമ്മാണത്തിന് എസ്റ്റിമേറ്റ് തുകയുടെ 25 ശതമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. കോടിക്കണക്കിന് രൂപാ പൊതുമരാമത്തു ഉന്നതരും കൺസ്ട്രക്ഷൻ കോർപ്പറേഷൻ ജനറൽ മാനേജരും കരാറുകാരനും ചേർന്ന് അടിച്ചുമാറ്റിയെന്നും തെളിവുസഹിതം പരാതിയിൽ സൂചിപ്പിക്കുന്നു. ശബരിമല തീർത്ഥാടനത്തിന് മുമ്പ് നടത്തുന്ന പതിവുപണികളുടെ ഭാഗമായി ധൃതിപിടിച്ച് നാമമാത്രമായ ജോലികൾ മാത്രം ചെയ്ത ശേഷം പണം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു.

നിർമ്മാണം പുർത്തിയാക്കി ദിവസങ്ങൾക്കകം പ്രത്യക്ഷപ്പെട്ട കുഴികൾ മൂടി അഴിമതി മറച്ചുവയ്ക്കാനും പ്രതികൾ ശ്രമം നടത്തിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി അഴിമതി ആരോപണങ്ങളിൽ നിന്നും കരകയറാനാണ് ഇപ്പോൾ പ്രതികൾ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.