ന്യൂഡൽഹി: രാജ്യസഭാംഗമായിട്ടും ഇതുവരെ സഭയിൽ ഒരക്ഷരം മിണ്ടാത്ത പ്രതിനിധിയാണ് പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. അഞ്ചുവർഷം എംപി സ്ഥാനത്ത് പൂർത്തിയാക്കാൻ ഒരുങ്ങുന്ന വേളയിൽ ഇന്ന് ആദ്യമായി സഭയിൽ സച്ചിന്റെ ശബ്ദം ഉയർത്താനായിരുന്നു സച്ചിന്റെ തീരുമാനം. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തിലാണ് പ്രസംഗം നടത്താൻ തീരുമാനിച്ചത്. എന്നാൽ ടുജി, നരേന്ദ്ര മോദി വിഷയങ്ങളിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞതോടെ സച്ചിന്റെ പ്രസംഗം നടക്കാതെ വരികയായിരുന്നു.

ഇന്ന് രണ്ടിനാണ് സച്ചിന് വിഷയം അവതരിപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സച്ചിൻ നോട്ടീസ് സമർപ്പിക്കുകയായിരുന്നു.

2012ലാണ് സച്ചിൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. എന്നാൽ സഭയിലെ സച്ചിന്റെ അസാന്നിധ്യം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ഇതിന് മുൻപ് സച്ചിൻ സഭയിലെത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും സച്ചിൻ സഭയിലെത്താതിരുന്നതും നിരവധി തവണ ചർച്ചയായിട്ടുണ്ട്. സച്ചിന് ഹാജർ കുറവാണെന്ന വാർത്തകളും മടിയനായ രാജ്യസഭാംഗം എന്ന വിമർശനവും ഉയർന്നു.

ഓഗസ്റ്റിൽ സച്ചിൻ ഹാജരാകുന്നതിന് രണ്ട് ദിവസം മുൻപ് സമാജ് വാദി പാർട്ടി എംപി നരേഷ് അഗർവാൾ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ സഭയിൽ ഹാജരാകാതിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കുകയും ബോളിവുഡ് താരം രേഖയെയും സച്ചിനെയും വിമർശിക്കുകയും ചെയ്തിരുന്നു.

ടുജി, നരേന്ദ്ര മോദി വിഷയങ്ങളിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞതാണ് സച്ചിന്റെ പ്രസംഗത്തിന് തടസമായത്. പ്രതിപക്ഷ ബഹളത്തെ തുടർന്നു രണ്ട് വരെ നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതോടെയാണ് ഇന്നത്തേക്കു പിരിഞ്ഞത്. ടുജി വിഷയം ചർച്ച ചെയ്യണമെന്നും മന്മോഹൻ സിംഗിനെതിരായ പരാമർശത്തിൽ നരേന്ദ്ര മോദി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും സഭയിൽ ബഹളമുണ്ടാക്കിയത്.

ടുജി സ്‌പെക്ട്രം കേസിൽ യുപിഎ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം തെറ്റാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.