മലപ്പുറം: രോഗത്തിന് കീഴ്‌പ്പെടാത്ത നിശ്ചയദാർഢ്യത്തോടെ കതിർ മണ്ഡപത്തിലേറിയ ഭവ്യ സച്ചിൻ ദമ്പതികളെ കാണാൻ പാണാക്കാട് മുനവ്വറലി ശിഹാബ് തങ്ങളെത്തി. തന്റെ പ്രണയിനിക്ക് ക്യാൻസറാണെന്നറിഞ്ഞപ്പോൾ , അവൾക്ക് കൂടുതൽ ആത്മ വിശ്വാസവും കരുതലും പകർന്നു നൽകി താലി കെട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സച്ചിൻ കുമാറിനും പ്രിയതമ ഭവ്യയ്ക്കും മംഗളാശംസകൾ നേരുന്നതിനാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പൂളപ്പാടത്തെ സച്ചിന്റെ വീട്ടിലെത്തിയത്.

ഇരുവരുടെയും വിവാഹ ദിനമായ സെപ്റ്റംബർ 6 ന് മറുനാടൻ മലയാളിയാണ് ഈ ചരിത്ര പ്രണയത്തിന്റെ നേർകഥ ലോകത്തിനു മുന്നിൽ എത്തിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നവദമ്പതികൾക്ക് അഭിനന്ദന പ്രവാഹമെത്തുകയായിരുന്നു.പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവർക്ക് ആത്മ വിശ്വാസവും കരുത്തും പകർന്നു നൽകി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെയുണ്ടിപ്പോൾ.

സ്‌നേഹരാഹിത്യത്തിന്റെയും കാപട്യങ്ങളുടേയു പുതുലോക ക്രമത്തിൽ പ്രണയം തീർത്ത കനകകൊട്ടാരത്തിൽ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിന്റെയും ഭവ്യയുടേയും വാർത്തകൾ വിവിധ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ലോകം കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണിവർ.വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യൂത്ത് ലീഗ് പ്രാദേശിക നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷം മുനവ്വറലി തങ്ങൾ സച്ചിന്റെ വീട് സന്ദർശിക്കാനെത്തിയത്. സനേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകർന്നു നൽകിയ സച്ചിന്റെ ത്യാഗമനോഭാവത്തെയും അർപ്പണ മനസ്സിനേയും തങ്ങൾ വാനോളം പ്രശംസിച്ചു. സി എച്ച് സെന്റെർ മുഖേന ആവശ്യമായ മുഴുവൻ സഹായസഹകരണങ്ങൾ നൽകാനുള്ള സന്നദ്ധതയും തങ്ങൾ സച്ചിനെയും ഭവ്യയേയും അറിയിച്ച് 25000 രൂപയുടെ ചികിത്സാ സഹായം നൽകുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

മറുനാടൻ മലയാളി വാർത്ത പുറത്ത വന്നതിന് പിന്നാലെ നിരവധിയാളുകളാണ് ഇവർക്ക് സഹായവുമായി എത്തിയത്. ഇതിന് തങ്ങൾക്ക് വലിയ നന്ദിയുണ്ടെന്നും ദമ്പതികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാൻസറെത്തിയത്. എന്നാൽ കൂടുതൽ ആത്മവിശ്വാസം നൽകി തന്റെ പ്രണയിനിയെ കൂടെ ചേർത്തപ്പോൾ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.

കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു.എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിൽസിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിൻ പറഞ്ഞു.

രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകൻ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകൾ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങൾ പങ്കു വയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.


എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തിൽ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം.

സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. തുടർ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാൻ സാധിക്കും.

സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്: BHAVYA P
Acc.number: 40160101056769. IFSC : KLGB0040160. KERALA GRAMIN BANK, KARULAI BRANCH.