- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കൾ കാർമ്മികത്വം വഹിച്ചു; അടുത്തബന്ധുക്കളെ സാക്ഷിയാക്കി സച്ചിൻ ദേവും ആര്യയും മോതിരം കൈമാറി; നിശ്ചയത്തിന് വേദിയായി എ കെ ജി സെന്ററും; 'ചുമതലകളുമായി മുന്നോട്ട്, വിവാഹം ഒരു പ്രശ്നമാകില്ലെന്ന് സച്ചിൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎൽഎ സച്ചിൻദേവിന്റെയും വിവാഹനിശ്ചയം നടന്നു. സിപിഎം ആസ്ഥാനമായ എ.കെജി സെന്ററിൽ അടുത്ത ബന്ധുക്കളുടെയും മുതിർന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.രാവിലെ 11 മണിയോടെ നടന്ന ചടങ്ങിൽ ഇരുവരും മോതിരം കൈമാറി.വിവാഹം പിന്നീട് നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്.
ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുപത്തിയേഴാം വയസിലാണ് സച്ചിൻ നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായ ധർമ്മജൻ ബോൾഗാട്ടിയെയാണ് സച്ചിൻ പരാജയപ്പെടുത്തിയത്.
2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവന്മുകൾ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21ആം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
വീട്ടുകാരും പാർട്ടിയും ചേർന്ന് വിവാഹക്കാര്യം തീരുമാനിക്കുമെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. ആര്യ പറഞ്ഞതുപോലെ എകെജി സെന്ററിൽ വെച്ച് വിവാഹനിശ്ചയം നടന്നു.വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവർക്കും ചുമതലകളുണ്ട്. അത് ഞങ്ങൾ നിർവഹിക്കും. അതിൽ വിവാഹം പ്രത്യേകമായ പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിൻ ദേവ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ