- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു; ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ്; ഒരു മാസത്തിന് ശേഷം വിവാഹം; വിവാഹത്തിലേക്ക് എത്തുന്നത് ബാലസംഘം, എസ്എഫ്‌ഐ കാലഘട്ടം മുതലുള്ള അടുത്ത പരിചയം
കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.
ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവഹാത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്.
സച്ചിൻദേവ് ബാലുശ്ശേരിയിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ പ്രചരണത്തിനായി ആര്യ എത്തിയിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.
ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തിൽ ബാലുശ്ശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 20372 വോട്ടുകളാണ് സച്ചിൻ ദേവിന് ലഭിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടിക്ക് ലഭിച്ചതിനേക്കാൾ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു.
2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവന്മുകൾ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21-ാം വയസിലായിരുന്നു മേയറായി ആര്യ അധികാരമേറ്റത്. ആര്യയുടെ സ്ഥാനാരോഹണം ദേശീയ തലത്തിലും വലിയ വാർത്തയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ