- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിന്റെ പഞ്ചാബ് മോഡൽ പരിഷ്ക്കാരം ആവേശം പകരുന്നത് കോൺഗ്രസിലെ സ്ഥാന മോഹികളെ; രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്; ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദവുമായി സിങ് ദേവും; അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചെടുക്കാൻ ആകാതെ കോൺഗ്രസ്
ന്യൂഡൽഹി: പഞ്ചാബിൽ കരുത്തനായി ക്യാപ്ടൻ അമരീന്ദർ സിംഗിനെ വെട്ടിമാറ്റി പകരം സിദ്ദുവിന്റെ അനുചരന് മുഖ്യമന്ത്രി സ്ഥാനം നൽകിയ രാഹുൽ ഗാന്ധിയുടെ പരിഷ്ക്കാരം പാർട്ടിക്ക് കൂടുതൽ വിനയാകുന്നു. കോൺഗ്രസിലെ സ്ഥാനമോഹികൾക്ക് ആഗ്രഹിക്കാൻ ഏറെ വക നല്കുന്നതാണ് ഈ തീരുമാനം. ഇതോടെ രാജസ്ഥാനിൽ പിണങ്ങി നിൽക്കുന്ന സച്ചിൻ പൈലറ്റും മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു രംഗത്തുവന്നു കഴിഞ്ഞു. കൂടെ ഛത്തീസ്ഗഡിലും കോൺഗ്രസിന് പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്.
രാജസ്ഥാനിൽ പിണങ്ങിനിൽക്കുന്ന സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടതിനു പിന്നാലെ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്. സിങ് ദേവും ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്. സ്വകാര്യ സന്ദർശനമാണെന്നാണു സിങ് ദേവ് പുറമേ പറയുന്നതെങ്കിലും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നീക്കാൻ ഹൈക്കമാൻഡിനു മേൽ സമ്മർദം ചെലുത്താനുള്ള ശ്രമം അദ്ദേഹം നടത്തുമെന്നാണു സൂചന.
രണ്ടര വർഷത്തിനു ശേഷം തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് 2018 ഡിസംബറിൽ ഭരണം ലഭിച്ച വേളയിൽ രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് പാലിക്കണമെന്നാണു സിങ് ദേവിന്റെ ആവശ്യം. അടുത്ത വർഷമവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ബാഗേലിനെ അയയ്ക്കുന്നത് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിടില്ലെന്ന നിലപാടിലാണു ബാഗേൽ.
നേരത്തെ സച്ചിൻ പൈലറ്റിന്റെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. അതേസമയം പഞ്ചാബിലെ മന്ത്രിസഭാ വികസന ചർച്ചകൾ ഡൽഹിയിൽ തുടങ്ങി. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിച്ച കോൺഗ്രസ് ഹൈക്കമാൻഡിന് അടുത്ത വെല്ലുവിളിയായി രാജസ്ഥാനും ചത്തീസ്ഗഡും മാറുകയാണെന്ന് വ്യക്തമാണ്.
അതേസമയം ഇരുസംസ്ഥാനങ്ങളിലും സാഹചര്യം പഞ്ചാബിലേതിന് സമാനമല്ല. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും ഭൂപേഷ് ബാഗലിനും ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ട്. രാഹുൽ ഗാന്ധിയുമായി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതോടെ ചികിൽസയിലുള്ള മുഖ്യമന്ത്രി സജീവമാകുന്നതോടെ സച്ചിനെ അനുകൂലിക്കുന്ന എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം ഉടനുണ്ടാകും.
ചത്തീസ്ഗഡിലും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.എസ് സിങ്ദേവ് രംഗത്തുണ്ടെങ്കിലും നേതൃമാറ്റം വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. നേരത്തെ ഇരുനേതാക്കളെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ച നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്