മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന സന്ദേശവുമായി സഹതാരങ്ങളും ആരാധകരും രംഗത്ത്.
തനിക്ക് കോവിഡ് പോസിറ്റീവായതായി സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങളുള്ള സച്ചിനിപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്ക് ആർക്കും രോഗബാധയില്ല. തന്റെ ആരോഗ്യത്തിലടക്കം സദാശ്രദ്ധ പുലർത്തുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിച്ചാണ് സച്ചിൻ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

മുംബൈയിലെ വസതിയിൽ വിശ്രമിക്കുന്ന സച്ചിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. റായ്പൂരിൽ അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി20 ടൂർണ്ണമെന്റിൻ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് സച്ചിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

@BCCI
Best wishes for a very swift recovery.

സച്ചിൻ വേഗം സുഖംപ്രാപിക്കട്ടെ എന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. സച്ചിന് സന്ദേശം അറിയിച്ച മറ്റൊരു ട്വിറ്റർ ഹാൻഡിൽ താരത്തിന്റെ മുൻ ഐപിഎൽ ക്ലബ് കൂടിയായ മുംബൈ ഇന്ത്യൻസിന്റേതാണ്. സച്ചിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് സന്ദേശം.

ഏറെക്കാലം ഒന്നിച്ച് കളിച്ചിട്ടുള്ള വിവി എസ് ലക്ഷ്മണിന്റെയും വിനോദ് കാംബ്ലിയുടേയും സ്നേഹസന്ദേശങ്ങളും സച്ചിനെ തേടിയെത്തി. മുൻതാരം പ്രഗ്യാൻ ഓജ, ഇന്ത്യൻ പേസർ നവ്ദീപ് സെയ്നി, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎൽ ക്ലബുകളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ് എന്നിവയും സന്ദേശങ്ങൾ കൈമാറി.

പുതിയ ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുമ്പെ പൂർണ ആരോഗ്യത്തിലേക്ക് സച്ചിൻ മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിൽ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ സച്ചിൻ നേരിട്ടെത്തുമെന്നാണ് ആരാധകർ കരുതുന്നത്.

പരിക്ക് വലച്ച രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ എല്ലാക്കാലത്തും ശക്തമായ തിരിച്ചുവരവുകളുമായി അമ്പരപ്പിച്ച താരമാണ് സച്ചിൻ ടെൻഡുൽക്കർ. അതിനാൽ വേഗം സച്ചിൻ സുഖപ്പെടും എന്നാണ് ഏവരുടേയും പ്രതീക്ഷ.