മുംബൈ: കോവിഡ് മുക്തനായി മുംബൈയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയവെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് 48ാം പിറന്നാൾ വിരുന്നെത്തിയത്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ ദിനം കടന്നുപോയതെങ്കിലും ആരാധകരും സഹതാരങ്ങളുമൊക്കെ ആശംസകൾ പങ്കുവച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെ, കോവിഡ് രോഗികൾക്ക് പ്ലാസ്മ നൽകാനുള്ള സന്നദ്ധത അറിയിച്ച് സച്ചിൻ പിറന്നാൾ സന്ദേശവുമായി ആരാധകർക്ക് മുന്നിലെത്തി. സ്വന്തം ഹാൻഡ്‌ലിൽ പങ്കുവെച്ച ചെറു വിഡിയോയിലായിരുന്നു ഡോക്ടർമാർ അനുവദിക്കുന്ന സമയത്ത് പ്ലാസ്മ നൽകാനുള്ള തന്റെ തീരുമാനം അറിയിച്ചത്. കോവിഡ് ഭേദമായവരോട് പ്ലാസ്മ ദാനം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മാസ്റ്റർ ബ്ലാസ്റ്റർ അഭ്യർത്ഥിച്ചു.

കോവിഡ് പൂർണമായും ഭേദമായി, അവസാന 14 ദിവസം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്നാലേ പ്ലാസ്മ ദാനം ചെയ്യാൻ പറ്റൂ. കഴിഞ്ഞ മാർച്ച് 27നായിരുന്നു സച്ചിൻ കോവിഡ് പോസിറ്റിവായത്. തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞ താരം ഏപ്രിൽ എട്ടിന് വീട്ടിൽ മടങ്ങിയെത്തി സ്വയം നിരീക്ഷണത്തിലായിരുന്നു.