ദുബായ്: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേർന്നു. അഞ്ചു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് സച്ചിൻ പരിശീലന ഗ്രൗണ്ടിലെത്തിയത്.

കോവിഡ് ബാധിതനായതിനാൽ ഇന്ത്യയിൽ വച്ച് നടന്ന ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ സച്ചിന് ടീമിനൊപ്പം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. മുംബൈ ടീം ബസിൽ സച്ചിൻ കളിക്കാർക്കൊപ്പം ഇരിക്കുന്ന ചിത്രം മുംബൈ ഇന്ത്യൻസ് പങ്കുവെച്ചു.

2020ൽ യുഎഇയിൽ നടന്ന ഐപിഎല്ലിലും മെന്ററായ സച്ചിൻ ടീമിനൊപ്പമുണ്ടായിരുന്നില്ല. 2019 ഐപിഎൽ ഫൈനലിലായിരുന്നു സച്ചിൻ അവസാനമായി മുംബൈ ക്യാമ്പിലെത്തിയത്. സച്ചിന്റെ മകൻ അർജ്ജുൻ ടെൻഡുൽക്കറും ഇത്തവണ മുംബൈ ടീമിലുണ്ട്.

 

കഴിഞ്ഞ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് അർജ്ജുനെ മുംബൈ ടീമിൽ എടുത്തത്. ഇടംകൈയൻ പേസറായ അർജ്ജുൻ നേരത്തെ മുംബൈയുടെ അണ്ടർ 19 ടീമിലും കളിച്ചിരുന്നു. ഐപിഎൽ രണ്ടാംപാദത്തിൽ ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ ഏഴ് കളികളിൽ നാലു ജയവുമായി നാലാം സ്ഥാനത്താണ് മുംബൈ.

31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കും. ഇന്ത്യയിൽ കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് ഐപിഎൽ സീസൺ പാതിയിൽ വച്ച് നിർത്തിയത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.