ന്യൂഡൽഹി: രാജ്യസഭാംഗമായിട്ടും ഇതുവരെ സഭയിൽ ഒരക്ഷരം മിണ്ടാത്ത പ്രതിനിധിയാണ് പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. അഞ്ചുവർഷം എംപി സ്ഥാനത്ത് പൂർത്തിയാക്കാൻ ഒരുങ്ങുന്ന വേളയിൽ ഇന്ന് ആദ്യമായി സഭയിൽ സച്ചിന്റെ ശബ്ദം ഉയരും.

കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സച്ചിൻ നോട്ടീസ് സമർപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാൻ സഭ അനുമതി നൽകി.

2012ലാണ് സച്ചിൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. എന്നാൽ സഭയിലെ സച്ചിന്റെ അസാന്നിധ്യം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ഇതിന് മുൻപ് സച്ചിൻ സഭയിലെത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും സച്ചിൻ സഭയിലെത്താതിരുന്നതും ചർച്ചയായി. സച്ചിന് ഹാജർ കുറവാണെന്ന വാർത്തകളും മടിയനായ രാജ്യസഭാംഗം എന്ന വിമർശനവും ഉയർന്നു.

ഓഗസ്റ്റിൽ സച്ചിൻ ഹാജരാകുന്നതിന് രണ്ട് ദിവസം മുൻപ് സമാജ് വാദി പാർട്ടി എംപി നരേഷ് അഗർവാൾ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ സഭയിൽ ഹാജരാകാതിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കുകയും ബോളിവുഡ് താരം രേഖയെയും സച്ചിനെയും വിമർശിക്കുകയും ചെയ്തിരുന്നു.