ജനീവ: ലോകപ്രശസ്ത യൂറോപ്യൻ കണികാ പരീക്ഷണ കേന്ദ്രമായ സേണിന്റെ ആസ്ഥാനത്ത് നരബലി നടക്കുന്നതായി ചിത്രീകരിച്ച വീഡിയോയുടെ സത്യാവസ്ഥ ദുരൂഹമായി തുടരുന്നു. നടരാജ വിഗ്രത്തിന്റെ മുന്നിൽ നടന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ആഭിചാര കർമത്തിന്റെ വീഡിയോ ആണ് യുട്യൂബിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്.

ഈ വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം സംഭവം നടക്കുന്നത് സേണിന്റെ പരിസരത്തുതന്നെ ആണെന്നും എന്നാൽ ഔദ്യോഗികമായ അനുവാദമോ സമ്മതമോ കൂടാതെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും സേൺ വക്താവ് വ്യക്തമാക്കി.

അനധികൃതമായി ചിത്രീകരിച്ച സ്പൂഫ് വീഡിയോ ആണിതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും സേൺ അധികൃതർ പറയുന്നു.

സംഭവം ആരുടെയോ കുസൃതിയാണെന്ന നിലപാടാണ് സേൺ അധികൃതർക്കുള്ളത്. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരാണ് സേണിൽ വരാറുള്ളത്. അവരിൽ ആരുടെയെങ്കിലും പരിധിവിട്ട നേരംപോക്ക് ആകാം സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

എന്നാൽ സേണിന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ ഇത്തരം തമാശകളെ വച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും സേൺ വക്താവ് പറഞ്ഞു.

ജനീവയിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെ (സേൺ) കെട്ടിടത്തിനു മുന്നിൽ രാത്രിയിൽ നടക്കുന്ന നരബലിയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശിവന്റെ (നടരാജ) വലിയ വിഗ്രഹത്തിനു മുന്നിൽ കറുത്ത വസ്ത്രമണിഞ്ഞ ഏതാനും പേർ വലംവയ്ക്കുന്നതും വെള്ള വസ്ത്രമണിഞ്ഞ ഒരു സ്ത്രീയെ തിളങ്ങുന്ന വാൾ പോലെയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പ്രത്യേക രീതിയിൽ വെളിച്ച ക്രമീകരണം നടത്തി, പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങളുള്ളത്. പരിസരത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് അവിചാരിതമായി സംഭവം കാണുന്ന ഒരാൾ ഒളിച്ചുനിന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

വീഡിയോ ചിത്രീകരിച്ച ആളുടെ പ്രിതിബിംബം ജനാല ചില്ലിൽ പതിയുന്നുണ്ട്. പുറത്ത് ആഭിചാര കർമങ്ങൾ നടത്തുന്നവരുടേതിന് സമാനമായ കറുത്ത വസ്ത്രം തന്നെയാണ് ഇയാളും ധരിച്ചിരിക്കുന്നതെന്ന് ഈ പ്രതിബിംബത്തിൽനിന്ന് വ്യക്തമാണ്.

പരീക്ഷണ കേന്ദ്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കടക്കാൻ ഏതൊരാൾക്കും പ്രത്യേക തിരിച്ചറിയിൽ കാർഡുകൾ ആവശ്യമാണ്. മാത്രമല്ല, കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. എന്നിട്ടും എങ്ങനെ ഇത്തരമൊരു വീഡിയോ ഇവിടെ ചിത്രീകരിച്ചെന്നാണ് അധികൃതരെ കുഴക്കുന്ന ചോദ്യം.

മാത്രമല്ല, വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആൾ നിൽക്കുന്ന കെട്ടിടം വളരെ കടുത്ത സുരക്ഷാ ക്രമീകരണങ്ങളുള്ളതാണ്.

സേണിലെ കൊലപാതകം എന്ന പേരിൽ ഓഗസ്റ്റ് 11ന് ആണ് വീഡിയോ യൂട്യൂബിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും പുറത്തുവന്നത്. പിന്നീട് ചില വാർത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തു.

വീഡിയോയിൽ ശിവന്റെ വിഗ്രഹമുള്ളതും രംഗത്ത് പ്രത്യക്ഷപ്പെടുന്നവർ ദുരൂഹമായ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരുടെ ഉദ്ദേശ്യമെന്തെന്ന ആശങ്കയാണ് പരത്തുന്നത്.