ദുബായ്: കടൽ കടന്നപ്പോൾ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിക്ക് വേഷപ്പകർച്ച. കാഷായവും രുദ്രാക്ഷമാലയും അണിഞ്ഞു കണ്ടു ശീലിച്ച നാട്ടുകാർ മന്ത്രിയുടെ പട്ടുസാരിയും കാശുമാലയും കണ്ടപ്പോൾ അമ്പരന്നു. കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വകുപ്പു മന്ത്രിയായ നിരഞ്ജൻ ജ്യോതി ദുബായിൽ ഔദ്യോഗിക ചടങ്ങിനെത്തിയപ്പോഴാണ് പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെട്ടത്.

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ സന്യാസിനിയായാണ് സാധ്വി നിരഞ്ജൻ ദേശീയശ്രദ്ധനേടുന്നത്. യുപിയിലെ ഫത്തേപൂർ സീറ്റിൽ നിന്ന് ലോക്‌സഭയിൽ എത്തിയ നിരഞ്ജൻ ലോക്‌സഭയിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ്. ഔദ്യോഗിക സന്ദർശനത്തിനായി ദുബായിലെത്തിയ മന്ത്രി ചില ഇന്ത്യൻ കൂട്ടായ്മകളിലും പങ്കെടുത്തു. പട്ടുസാരിയിൽ പൊതിഞ്ഞ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുരാധാ പ്രസാദും ഒപ്പമുണ്ടായിരുന്നു.

യമുനയിൽ കടത്തുകാരിയായും പിന്നീട് കർഷകത്തൊഴിലാളിയായും പ്രവർത്തിച്ച നിരഞ്ജൻ വിവാദങ്ങളുടേയും കൂട്ടുകാരിയാണ്. സഭയിൽ പ്രതിപക്ഷത്തെ സഭ്യമല്ലാത്ത ഭാഷയിൽ വിമർശിച്ചതിന് ഒരിക്കൽ മാപ്പു പറഞ്ഞിരുന്നു ഇദ്ദേഹം. യുപിയിലെ പിന്നോക്കസമുദായമായ നിഷാദവിഭാഗത്തെ കുറിച്ചുള്ള ചർച്ചകളിൽ സാധ്വി ഏറെ സജീവമായിരുന്നു. കഴിഞ്ഞയിടെ ലക്‌നൗ റയിൽവേ സ്‌റ്റേഷനിൽ വാഹനമെത്താതിനെ തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു