ഉഡുപ്പി:ജീവിതത്തിൽ ഇത്തരം തമാശകൾ ആവശ്യമാണ്. ഇങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.കണ്ണൂർ പയ്യന്നൂർ മഠത്തിൽ രാമചന്ദ്രൻ മോദിയുമായുള്ള രൂപസാദൃശ്യത്താൽ സോഷ്യൽ മീഡിയയിൽ വൈറലായ സമയത്തായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഒരാളെ പോലെ 9 പേർ ഉണ്ടെന്നാണെല്ലോ പറയാറുള്ളത്.തോളിൽ ചെറിയ ബാഗും ഒരു കുപ്പി വെള്ളവുമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ട രാമചന്ദ്രൻ മോദിയായി തന്നെ കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആ കഥ അവിടെ നിൽക്കട്ടെ. ഇനി നമുക്ക് ഉഡുപ്പിയിലേക്ക് പോകാം. അവിടെ ഇങ്ങനെ ഒരാൾ കാത്തിരിക്കുന്നുണ്ട്.

മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ, ഉഡുപ്പിയിലെ എംജിഎം ഗ്രൗണ്ടിൽ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാനിരിക്കുന്നു. ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ അതാ കാണാം..ഹാഫ് സ്ലീവ്ഡ് കുർത്തയും ജാക്കറ്റും ധരിച്ച വെള്ളത്താടിയും കണ്ണടയുമുള്ള ഒരു മാന്യൻ. അന്ന് ബിജെപിയുടെ എത്രാമത്തെ റാലിയിലാണ് താൻ പങ്കെടുക്കുന്നതെന്ന് സദാനന്ദ നായക് അഥവാ സദണ്ണയ്ക്ക് അറിയില്ല. പ്രധാനമന്ത്രിയുമായുള്ള സാദൃശ്യമാണ് സദണ്ണയെ ഈ റാലിയിൽ പ്രിയങ്കരനാക്കുന്നത്.

ഉഡുപ്പി ഹിരിയഡ്ക പട്ടണത്തിലെ ബൊമ്മാരബെട്ടു ഗ്രാമത്തിൽ ജനിച്ചുവളർന്ന സദണ്ണ 12 ാം വയസിൽ തന്നെ ജോലി ചെയ്തുതുടങ്ങി. പാചകക്കാരനായി. അച്ഛന് വരുമാനം കുറവായതുകൊണ്ട് അഞ്ചാം ക്ലാസ് വരെ മാത്രമേ പോകാൻ കഴിഞ്ഞുള്ളു.മിത്ര സമാജ് ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ മാസം 12 രൂപയായിരുന്നു ശമ്പളം.പാചകകലയിൽ നിപുണനനായതോടെ, സദണ്ണ മറ്റുസ്ഥലങ്ങളിലേക്കും ചേക്കേറി. ദാവൻഗരെ, ഗുജറാത്ത്, കൊളാബ, മണിപ്പാൽ എന്നിവിടങ്ങളിലായി പാചകക്കാരനായി 24 വർഷത്തോളം.കഴിഞ്ഞ വർഷം ഒരുസ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേയാണ് ആളുകൾ സദണ്ണ നമ്മുടെ പ്രധാനമന്ത്രിയെ പോലെയിരിക്കുന്നല്ലോ എന്ന് ചോദിച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിൽ മംഗലാപുരത്ത് നിന്ന് ഹരിദ്വാറിലേക്കുള്ള യാത്ര. ഒപ്പം 9 സഹപാചക വിദഗ്ധരും. തിരക്കിനിടയിൽ സദണ്ണ ഷേവ് ചെയ്യാൻ വിട്ടുപോയി. യാത്രക്കാർ പതിയെ പിറുപിറക്കാനും പിന്നീട് നേരിട്ട് പറയാനും തുടങ്ങി..ഓ....താങ്കൾ മോദിയെ പോലെയിരിക്കുന്നല്ലോ.ഏതായാലും അതിന് ശേഷം മോദി ഫാഷനിലാണ് സദണ്ണയുടെ നടപ്പ്.മുടിയും താടിയുമൊക്കെ പ്രധാനമന്ത്രിയുടേത് പോലെ സ്‌റ്റൈലാക്കി.ഉഡുപ്പിയിലെ ഒരുകൂട്ടുകാരനാണ് മോദിയുടേത് പോലുള്ള കണ്ണട സമ്മാനിച്ചത്.

ഇപ്പോൾ പോകുന്നിടത്തോടെ സെൽഫിയുടെ തിരക്കാണ് സദണ്ണയ്ക്ക്.ആൾക്കൂട്ടം കൂടുന്നത് ശല്യമായതിനാൽ പൊലീസിന് അത്ര പിടുത്തമല്ല സദണ്ണയുടെ വരവ്. ചിലപ്പോൾ അവർ സദണ്ണയോട് പറയും വിട്ടുപൊയ്‌ക്കോ...ചിലപ്പോഴൊക്കെ ആൾക്കൂട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടേണ്ടിയും വന്നിട്ടുണ്ട്.മോദിയെ അനുകരിക്കാറില്ല സദണ്ണ. ആകെ ചെയ്യുന്നത് പ്രധാനമന്ത്രിയെ പോലെ കൈവീശി കാണിക്കുക മാത്രം.

സദണ്ണയുടെ നിരാശ മോദിയുമായി അടുത്ത് പരിചയപ്പെടാൻ കഴിയാത്തതാണ്. ഒരേ സ്ഥലത്ത് ഇരുവരും പലപ്പോഴും ഉണ്ടായിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ കാണാൻ സാധിച്ചില്ല.ഏതായാലും ഒരുദിവസം അദ്ദേഹത്തെ നേരിൽ കാണാൻ കഴിയുമെന്ന കാര്യത്തിൽ സദണ്ണയ്ക്ക് ഉറപ്പുണ്ട്.ബിജെപി അംഗമല്ലെങ്കിലും ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ പ്രചാരണത്തിനായി പല സ്ഥലങ്ങളിലും പോയിട്ടുണ്ട്.പ്രചാരണത്തിന് പണമൊന്നും വാങ്ങാറില്ല. താമസത്തിനും ഭക്ഷണത്തിനുമുള്ള പണം ചിലപ്പോൾ ബിജെപി പ്രവർത്തകർ പോക്കറ്റിൽ വച്ചുകൊടുക്കും.

കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ സദണ്ണയ്ക്കും തിരക്കാണ്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും മുമ്പ് പലരും തങ്ങളുടെ കരുത്ത് കാട്ടാൻ സദണ്ണയെ വിളിച്ചുകൊണ്ടുപോകുമായിരുന്നു.വരുദിവസങ്ങളിലും പല ബിജെപി ജില്ലാ ഓഫീസുകളും സേവനം തേടിയിട്ടുണ്ട്.ബിജെപി അനുഭാവിയാണെങ്കിലും കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിൽ വിശ്വസിക്കുന്നില്ല സദണ്ണ. എല്ലാ സംസ്ഥാനങ്ങളിലും തോൽവിയടഞ്ഞാലും കോൺഗ്രസ് പ്രതിപക്ഷമായി ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാവിയിൽ നാടകങ്ങളിൽ അഭിനയിക്കാനും സദണ്ണയ്ക്ക് താൽപര്യമുണ്ട്. മുബൈയിൽ നിന്നുള്ള ചില സംഘങ്ങൾ തെരുവ് നാടകങ്ങളിൽ അഭിനയിക്കാൻ സദണ്ണയെ വിളിച്ചിരുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹം പ്രചാരണ തിരക്കിലാണ്.