പത്തനംതിട്ട: കൈയിൽ ഇല്ലാത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ച കിലുക്കത്തിലെ കിട്ടുണ്ണി പിന്നീട് കാട്ടിക്കൂട്ടിയത് കണ്ടു നമ്മളൊക്കെ തല തല്ലിച്ചിരിച്ചവരാണ്. ഒരു ലോട്ടറി അടിച്ചാൽ മനുഷ്യന് വരുന്ന മാറ്റം എന്തൊക്കെയായിരിക്കുമെന്ന് കിട്ടുണ്ണി നമുക്ക് കാണിച്ചു തന്നു.

അത് സിനിമയിലാണെന്ന് പറയാം. എന്നാൽ, യഥാർഥ ജീവിതത്തിൽ ഒരാൾക്ക് ലോട്ടറി അടിച്ചാലോ? അതും രണ്ടും തവണ ഒന്നാം സമ്മാനം അടിച്ചാലോ? അങ്ങനെ ഒരു ഭാഗ്യവാൻ ഉണ്ടാകുമോ? ഉണ്ടാകില്ല എന്നു തന്നെ നമ്മൾ തറപ്പിച്ചു പറയും. എന്നാൽ അങ്ങനെ ഒരു ഭാഗ്യവാനുണ്ട്. ആലപ്പുഴ ജില്ലയിലെ എടത്വ തലവടി കുന്നപ്പള്ളി പറമ്പിൽ സദാശിവൻ എന്ന തെങ്ങുകയറ്റ തൊഴിലാളി.

സദാശിവന് രണ്ടു കൊല്ലത്തിനിടെ രണ്ടു തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ആദ്യം അടിച്ചത് പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നെങ്കിൽ ഇന്നലെ അടിച്ചത് 65 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ഭാഗ്യനിധിയാണ്. ബി.ആർ. 339758 എന്ന നമ്പരിലുള്ള ലോട്ടറിക്കാണ് സദാശിവൻ സമ്മാനം ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രണ്ടു തവണ ഒന്നാം സമ്മാനം കിട്ടുന്നത്. രണ്ടുവർഷം മുൻപ് പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 51 ലക്ഷം രൂപയാണ് സദാശിവന് കിട്ടിയത്. ചക്കുളത്തുകാവിലെ അലക്‌സ് എന്ന ഏജന്റിന്റെ വിൽപ്പനക്കാരനായ രാജനിൽ നിന്നാണ് രണ്ടു തവണയും സദാശിവൻ ടിക്കറ്റ് എടുത്തത്. ദിവസവും സദാശിവൻ 21 ടിക്കറ്റ് വീതമാണ് എടുത്തിരുന്നത്.

ആദ്യം കിട്ടിയ സമ്മാനത്തിൽ നിന്ന് നല്ലൊരു തുക സദാശിവൻ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു. പണക്കാരനായതിന്റെ പത്രാസിൽ തെങ്ങുകയറ്റ ജോലി ഉപേക്ഷിക്കാനും സദാശിവൻ തയാറായില്ല. 68-ാം വയസിലും ഇദ്ദേഹം തെങ്ങുകയറ്റം തുടരുന്നു. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം തെങ്ങുകയറ്റ ജോലി തുടരാൻ തന്നെയാണ് സദാശിവന്റെ തീരുമാനം. സാധാരണ ലോട്ടറി കിട്ടിയിട്ടുള്ളവർ അതുകൊണ്ട് രക്ഷപ്പെട്ട ചരിത്രമില്ല. ചിലരൊക്കെ മാത്രം ജീവിച്ചു പോകുന്നുവെന്നു പറയാം.

അതിനിടയിലാണ് സദാശിവൻ മാതൃക കാട്ടുന്നത്. വെറുതേ കൈയിൽ വന്നു ചേരുന്ന പണം ധൂർത്തടിച്ച് പിച്ചക്കാരനായി മാറുന്ന പതിവു ലോട്ടറി വിജയികൾക്ക് ഒരു നല്ല വഴിയാണ് സദാശിവൻ കാണിച്ചു കൊടുക്കുന്നത്. അതുകൊണ്ടാകണം ഈ മനുഷ്യസ്‌നേഹിയെ തേടി വീണ്ടും ഭാഗ്യദേവത എത്തിയത്. മൂന്നു പെൺ മക്കളടക്കം അഞ്ചുമക്കളാണ് സദാശിവന്. ഭാര്യ: തങ്കമ്മ.