ലണ്ടൻ: പ്രകൃതിയോടിണങ്ങി ജീവിച്ചവരായിരുന്നു ആദിമ ഗുരുക്കളായിരുന്ന ഋഷിമാർ. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം തേടുമ്പോഴും പകൃതിയോട് പറ്റിച്ചേർന്ന് ജീവിക്കാൻ ശ്രമിക്കുന്ന നിരവധി ഗുരുക്കന്മാർ ഇക്കാലത്തുമുണ്ട്. പരമാവധി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോഴും, പ്രകൃതിക്ക് നാശം സംഭവിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാണ് അവർ മുൻപോട്ട് പോകുന്നത്. അതുപോലെ, ആത്മീയതയിലൂടെ പ്രകൃതിയോടുള്ള പ്രതിപത്തി അനുയായികളിൽ വളർത്താനും അവർ ശ്രമിക്കുന്നുണ്ട്.

അത്തരത്തിലൊരുവ്യക്തിയാണ് സദ്ഗുരു. ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടികളിലൂടെയും നർമ്മം തുളുമ്പുന്ന ഉദാഹരണങ്ങളിലൂടെയുമൊക്കെ വളരെ നിസ്സാരമായി വലിയ വലിയ തത്വങ്ങൾ സാധാരണക്കാരിലേക്കെത്തിക്കാൻ സദ്ഗുരു എന്നും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണ വീഡീയോകളുടെ പല ഭാഗങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറാലായിട്ടുമുണ്ട്. ഇപ്പോൾ തീർത്തും വ്യത്യസ്തമായൊരു സംരംഭവുമായി സഗ്ദുരു എത്തുകയാണ്.

മണ്ണു സംരക്ഷണത്തെ കുറിച്ച് അവബോധം ഉയർത്തുന്നതിനായി അദ്ദേഹം ഒരു ബൈക്ക് യാത്ര നടത്തുകയാണ്. 30,000 കിലോമീറ്റർ താണ്ടുന്ന ഈ യാത്രയ്ക്ക് ഇന്നലെ ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ ആരംഭം കുറിച്ചു. യൂറോപ്പുംമദ്ധ്യപൂർവ്വ ദേശങ്ങളും താണ്ടി സദ്ഗുരു ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ എത്തിച്ചേരും. ബി എം ഡബ്ല്യൂ കെ 1600 ജി ടി മോട്ടോർ ബൈക്കിൽ ആംസ്റ്റർഡാം, ബെർലിൻ, പ്രേഗ് എന്നീ പ്രമുഖ നഗരങ്ങളും സദ്ഗുരു സന്ദർശിക്കും.

പ്രധാന നഗരങ്ങളിലെല്ലാം ഇതിനോടനുബന്ധിച്ച ചില സാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അതിലെല്ലാം പങ്കെടുത്ത് 75 ദിവസം കൊണ്ട് ഇന്ത്യയുടെ 75-ാം പിറന്നാൾ ആഘോഷവേളയിൽ അമ്മ ഭാരതത്തിന്റെ മടിയിലേക്ക് മടങ്ങിയെത്തുമെന്നാണ് സദ്ഗുരു പ്രസ്താവിച്ചത്. വളരെ സുപ്രധാനമായ ഒരു കാര്യമാണ് മണ്ണ് സംരക്ഷണം എന്ന് സദ്ഗുരു പറഞ്ഞു. കഴിഞ്ഞ 24 കൊല്ലമായി താൻ ഇത് പറയുകയാണെന്നും എല്ലാ രാജ്യങ്ങളും ഭരണകൂടങ്ങളും ഇതിനനുകൂലമായ നയങ്ങൾ രൂപീകരിച്ചാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബൈക്ക് യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇനിയും മഞ്ഞുവീഴ്‌ച്ച നിന്നിട്ടില്ല, എന്നിട്ടും ഈ സാഹചര്യത്തിൽ ഇത്രയുംപ്രായമായ താൻ ബൈക്ക് യാത്ര നടത്തുന്നത് ഒരു ഉല്ലാസയാത്രയല്ലെന്നത് ഉറപ്പാണല്ലോ എന്ന് 64 കാരനായ സദ്ഗുരു മാധ്യമ പ്രവർത്തകരോട് ചോദിച്ചു. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 3 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പ്രധാന കാരണം മണ്ണിന്റെ മൂല്യശോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയ ഗുരുവിന്റെ കോൺഷ്യസ് പ്ലാനറ്റ് എന്ന ഉദ്യമത്തിന്റെ ഭാഗമായിട്ടാണ് മണ്ണ് സംരക്ഷണം എന്ന പ്രസ്ഥാനം രൂപപ്പെട്ടത്. മരിക്കുന്ന മണ്ണിന്റെ അവസ്ഥ ലോക ശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ഉദ്ദേശ്യം. കൃഷിയോഗ്യമായ മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തിൽ പുതിയ നയങ്ങൾ രൂപീകരിക്കാൻ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ക്രിക്കറ്റ് മൈതാനത്തായാലും ജീവിത മൈതാനത്തായാലും നല്ലപോലെ കളിക്കണമെങ്കിൽ മണ്ണ് നല്ലതായിരിക്കണം, എല്ലാവരും ഒത്തു ചേർന്ന് ചില മാറ്റങ്ങൾ കൊണ്ടു വരേണ്ട സമയം ആഗതമായിരിക്കുന്നു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച് മിഡിലെസെക്സ് ക്രിക്കറ്റ് ക്ലബ്ബ് അംഗങ്ങളുമായി സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു. ലോക ഭക്ഷ്യ പദ്ധതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണ ഈ പ്രചാരണത്തിനുണ്ട്.

'' നമുക്ക് എത്രമാത്രം പണമുണ്ട് സമ്പത്തുണ്ട് വിദ്യാഭ്യാസമുണ്ട് എന്നതിലൊന്നും ഒരു കാര്യവുമില്ല. നമ്മുടെ കുട്ടികൾക്ക് സന്തോഷത്തോടെ ജീവിക്കുവാൻ നമ്മൾ നൽകേണ്ടത് നല്ല മണ്ണും നല്ല ജലവുമാണ്'' നേരത്തേ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ബിർമ്മിങ്ഹാമിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. വേനൽ വിഷുവമായ ജൂൺ 21 ന് ഈ ഏകാംഗ മോട്ടോർ ബൈക്ക് റാലി കാവേരി തീരത്തെത്തും കാവേരി നദീതടത്തിലെ നിരവധി സ്വകാര്യ ഭൂമികളിലായി 2.42 ബില്യൺ വൃക്ഷത്തൈകൾ അന്നു നടും.