മലപ്പുറം: പാണക്കാട്ട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിനെതിരെ ഭീഷണി മുഴക്കിയ മുൻ മന്ത്രി കെ.ടി. ജലീലിനെ വിമർശിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനത്തിൽ സാദിഖലിയുടെ വാക്കുകൾ. അതേസമയം, കുഞ്ഞാലിക്കുട്ടിയെയാണ് സാദിഖലി തങ്ങൾ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് കെ ടി ജലീൽ തിരിച്ചടിച്ചു.

മുഈൻ അലി തങ്ങൾക്കെതിരെ ലീഗ് നടപടി തുടർന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരുമെന്ന് കെ.ടി. ജലീൽ പറഞ്ഞിരുന്നു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കടുത്ത വിമർശനമാണ് ലീഗ് നേതാക്കൾ ഉയർത്തിയത്. ജലീലിന്റെ ഭീഷണി കേട്ട് പേടിക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. പാണക്കാട്ട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ വിമർശനം.

കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗിൽ അവസാനിക്കുകയാണെന്നാണ് ജലീൽ പിന്നീട് പറഞ്ഞത്. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ കുറിച്ച് തന്നെയാണെന്നാണ് കരുതേണ്ടത്. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇന്നത്തെ ലീഗ് നേതൃയോഗത്തിൽ ഉണ്ടായതെന്നും ജലീൽ പറഞ്ഞു.

ഇന്നാണ് ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. പാണക്കാട് മുഈനലി തങ്ങളെ വാർത്തസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ പ്രവർത്തകൻ റാഫി പുതിയകടവിനെ സസ്‌പെൻഡ് ചെയ്തതായും മുഈനലിയുടെ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. തങ്ങൾ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും വിവാദ വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നുമാണ് യോഗം വിലയിരുത്തിയത്.