- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വട്ടിയൂർക്കാവിലെ തോപ്പുമുക്കിൽ രണ്ടാം ഭാര്യയുടെ വീട്; ഐസിസ് ഭീകരൻ ഒളിവിൽ താമസിച്ചതിന് പിന്നിൽ ഗൂഡലക്ഷ്യം; പത്മനാഭസ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക കേന്ദ്രവും ആക്രമിക്കാൻ പദ്ധതിയിട്ടു; കുമ്മനവും ഹിറ്റ് ലിസ്റ്റിൽ; തമിഴ്‌നാട്ടിലെ അറസ്റ്റ് ചർച്ചയാക്കുന്നത് തിരുവനന്തപുരത്തെ ഭീകര സാന്നിധ്യം; പത്മനാഭസ്വാമി ക്ഷേത്രത്തിൽ കടന്ന മുസ്ലിം യുവതിയിലേക്കും എൻഐഎ അന്വേഷണം
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ എൻഐഎ. തിരുവനന്തപുരവും ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതൽ തെളിവു നൽകുന്നതാണ് കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റെയിഡ്. തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എൻ.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയത്.
ജയിൽ കിടക്കുന്ന ഭീകരൻ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂർക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തിൽ നടത്തിയ റെയ്ഡിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തു. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കൾ പിടിച്ചെടുത്തതിനെക്കുറിച്ചും എൻഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പൊലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ അമ്പൂരിൽ നിന്നുള്ള വിദ്യാർതി മീർ അനസ് അലി എന്ന 22കാരനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. വിദ്യാർത്ഥി ഐഎസുമായി ഓൺലൈൻ മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നും ഐബി അറിയിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റാണിപ്പേട്ടയിലെ മേൽവിഷാരത്തെ സ്വകാര്യ കോളേജിൽ എൻജിനീയറിങ് (മെക്കാനിക്കൽ) മൂന്നാം വർഷ വിദ്യാർത്ഥിയാണ് മീർ അനസ് അലി. അലിയുടെ അറസ്റ്റാണ് കേരളത്തിലേക്ക് അന്വേഷണം എത്തിച്ചത്.
കൊടുംക്രിമിനലാണ് സാദിഖ് ബാഷ എന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ഈ കേസിൽസാദിഖ് ബാഷ ഇപ്പോൾ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്ക്ക് എതിരെയുള്ളത്.
മറ്റൊരു ഭീകരൻ മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങൾ ഭീകരർ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലിം ഇതര സമുദായങ്ങൾക്കിടയിൽ ഭീതി പരത്താൻ പ്രമുഖ സമുദായ നേതാവിനേയും രാഷ്ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു. ബിജെപി നേതാവും ഇതിൽ ഉണ്ടെന്നാണ് സൂചന. കുമ്മനം രാജശേഖരനെയാണ് തീവ്രവാദികൾ ലക്ഷ്യമിട്ടതെന്നാണ് സൂചന.
ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പലതവണ സാദിഖ് ബാഷയും സംഘവും സന്ദർശനം നടത്തിയിരുന്നു. സംഘത്തിൽ പെട്ട മുസ്ലിം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. അന്ന് ഉത്സവ ചടങ്ങുകൾ നിർത്തി വെച്ച് ശുദ്ധി കലശം ചെയ്തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തിൽ ഉണ്ടായില്ല. ആ സന്ദർശനത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.
പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകൾ വാടകയ്ക്കെടുത്ത് ഐ.എസുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതായി വാർത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂർണ്ണമായി നിരീക്ഷിക്കാവുന്ന തരത്തിൽ ടവർ ഉയർത്തിയതുൾപ്പെടെ സംശയകരമായ നിരവധി നടപടികൾ തിരുവനന്തപുരത്ത് നടന്നു. കേരളത്തിലെ സ്വർണ്ണക്കടത്തുമായി ഭീകരസംഘത്തിന് അടുത്ത ബന്ധമുണ്ട്. നിസാം എന്നൊരാൾ തിരുവനന്തപുരത്ത് പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. തിരുമലയിലും വലിയവിളയിലും ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു.
ഊറ്റുകുഴിയിൽ നടന്നിരുന്ന ഒരു ചുരിദാർ കട കേന്ദ്രീകരിച്ച് ഭീകര താവളമായിരുന്നു എന്നും സൂചനയുണ്ട്. തമിഴ് നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയിൽ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയക്ക് പലരേയും ഈ കടയിൽനിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. സലാഫി സെന്ററിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിൻകര സ്വദേശിയുമായ വിദ്യാർത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലിൽ നിന്ന് ഐഎസിൽ ചേർന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവച്ചായിരുന്നു.
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകൾക്ക് സംസ്ഥാനത്ത് ലഭിക്കുന്ന രാഷ്ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവുമാണ് കേരളത്തെ ഒളിത്താവളമാക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലം.
മറുനാടന് മലയാളി ബ്യൂറോ