വസാനം പറഞ്ഞ് പറഞ്ഞ് സാദിഖ് ഖാൻ ലണ്ടൻ മേയറുടെ സുവർണ സിംഹാസനത്തിൽ എത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ നടന്ന പ്രധാനപ്പെട്ട ലോക്കൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി ഉണ്ടായെങ്കിലും അതിന്റെ പേരുദോഷം ഇല്ലാതാക്കുന്ന വിധത്തിലാണ് പാക്കിസ്ഥാൻ വംശജനായ ഈ ലേബർ നേതാവ് അതുല്യമായ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ടോറി എതിരാളി സാക് ഗോൾഡ് സ്മിത്ത് തനിക്കെതിരെ നടത്തിയ വ്യാപകമായ വംശീയ പ്രചാരണങ്ങളോട് ഏറ്റുമുട്ടിയാണ് സാദിഖ് ഈ മധുരതരമായ പ്രതികാരം വീട്ടിയിരിക്കുന്നത്. തന്റെ പാർട്ടിക്ക് വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും ലണ്ടൻ മേയർ സ്ഥാനാർത്ഥിയായി സാദിഖിനെ നിയോഗിച്ച ലേബർ നേതാവ് ജെറമി കോർബിന്റെ നടപടിയും ഇപ്പോൾ പരക്കെ പ്രശംസിക്കപ്പെടുന്നുണ്ട്.

മുസ്ലിം തീവ്രവാദം ഉയർത്തിപ്പിടിച്ച് തികച്ചും വംശീയതയിൽ അധിഷ്ഠിതമായ പ്രചാരണമായിരുന്നു ഗോൾഡ് സ്മിത്ത് സാദിഖിനെതിരെ നടത്തിയിരുന്നതെന്നും എന്നാൽ ഈ തെരഞ്ഞെടുപ്പ് വിവാദങ്ങൾക്ക് അതീതമല്ലായിരുന്നുവെന്നും പക്ഷേ തന്റെ വിജയത്തിൽ അഭിമാനിക്കുന്നുവെന്നുമാണ് സാദിഖ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടൻകാർ ഭയത്തിനുപരിയായി പ്രതീക്ഷയെയും ഭിന്നിപ്പിക്കലിനുപരിയായി ഐക്യത്തെയും തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തിയ ചരിത്രമുള്ളയാളാണ് സാദിഖ്. രാഷ്ട്രീയത്തിലിറങ്ങിയ കാലത്തും പ്രത്യേകിച്ച് ലണ്ടൻ മേയർ സ്ഥാനാർത്ഥിയായപ്പോഴും സാദിഖിനെതിരെ വംശീയവാദികൾ പല്ലുംനഖവും ഉപയോഗിച്ച് നുണ പ്രചരിപ്പിച്ച് നിഷ്പ്രഭനാക്കാൻ ശ്രമിച്ചപ്പോഴും സാദിഖ് അതിനെ തന്റെ വ്യക്തിപ്രഭാവം കൊണ്ട് അതിജീവിച്ച് വിജയ സോപാനമേറുകയായിരുന്നു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം ലണ്ടൻ മേയറുടെ കസേരയിൽ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ടോറികളുടെ ശക്തനായ സ്ഥാനാർത്ഥി ഗോൾഡ് സ്മിത്തിന് വെറും 43 ശതമാനം വോട്ടുകൾ മാത്രം നേടാനായപ്പോൾ സാദിഖിന് 57 ശതമാനം വോട്ടുകൾ നേടിയാണ് വിജയിക്കാൻ സാധിച്ചിരിക്കുന്നത്.ശക്തമായ മത്സരത്തിന്റെ ഭാഗമായി സാദിഖിനെ നിഷ്പ്രഭനാക്കാൻ വേണ്ടി ഇദ്ദേഹത്തിന് തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് വരെ പ്രചരിപ്പിക്കാൻ ഗോൾഡ്സ്മിത്തിനൊപ്പം സാക്ഷാൽ ഡേവിഡ് കാമറോൺ വരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ലണ്ടനിലെ വോട്ടർമാർ സാദിഖിനെ നഗരപിതാവാക്കിയിരിക്കുന്നത്.

ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റിയതിന്റെ പേരിൽ കാമറോണിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ശക്തമായ വിമർശനവും തിരിച്ചടിയുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ലണ്ടനടുത്തുള്ള ഒരു കൗൺസിൽ എസ്റ്റേറ്റിലാണ് താൻ വളർന്നിരുന്നതെന്നും ഇവിടുത്തെ അത്യുന്നത പദവിയിൽ എത്തിച്ചേരുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയതല്ലെന്നുമാണ് സാദിഖ് പറയുന്നത്.

സാദിഖ് മേയറാകുമെന്ന സൂചനകൾ ഇന്നലെ തന്നെ വ്യക്തമായിരുന്നു. ലണ്ടന്റെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനായ മേയർ എന്ന ബഹുമതിയാണ് സാദിഖ് ഈ വിജയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.1947ൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനസമയത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരാണ് സാദിഖിന്റെ അപ്പൂപ്പനും അമ്മൂമ്മയും. അൽപകാലത്തിന് ശേഷം സാദിഖിന്റെ അച്ഛനമ്മമാർ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലെ സെന്റ് ജോർജ് ആശുപത്രിയിലാണ് സാദിഖ് ജനിച്ചത്.

ഫിർക്രോഫ്റ്റ് പ്രൈമറി സ്‌കൂൾ, ഏർണസ്റ്റ് ബെവിൻ കോളജ്, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 2005ൽ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെത്തി. അതിന് മുമ്പ് അദ്ദേഹം സോളിസിറ്ററായി പ്രാക്ടീസ് ചെയ്തിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സോളിസിറ്ററായിരുന്ന സാദിയാ അഹമ്മദാണ് സാദിഖിന്റെ ഭാര്യയായിത്തീർന്നത്. ആനിസാ, അമറാ എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.

ലോക്കൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാൽ പ്രതീക്ഷിച്ചത്ര പതനം പാർട്ടിക്കുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സ്‌കോട്ടിഷ് നാഷണൽ പാർട്ടി സ്‌കോട്ട്ലൻഡ് പാർലിമെന്റ് തൂത്തുവാരി. ടോറികൾക്കാണിവിടെ രണ്ടാംസ്ഥാനം ലേബർ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണിവിടെ. ലേബർ ഇംഗ്ലണ്ടിൽ പിന്നോക്കം പോകുമെന്നായിരുന്നു പ്രചാരണം. എന്നാൽ നിലവിലുള്ളതിനേക്കാൾ നേരിയ സീറ്റുകളുടെ കുറവ് മാത്രമാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്.

അസാധ്യമായ കാര്യം സാധ്യമാക്കിയതിന് താൻ ലണ്ടനിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നാണ് സാദിഖ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടനിലുള്ളവർക്കെല്ലാം അതിജീവിക്കാനുള്ള അവസരങ്ങൾ ഏർപ്പെടുത്തുകയെന്ന ആഗ്രഹത്താൽ പ്രചോദിതനായിട്ടാണ് താൻ ഓരോ ദിവസവും പ്രവർത്തിക്കുന്നതെന്നും സാദിഖ് വെളിപ്പെടുത്തി. അഫോർഡബിൾ ആയ വീടുകൾ തലസ്ഥാനത്തുള്ളവർക്ക് ലഭ്യമാക്കുകയും തന്റെ ലക്ഷ്യമാണെന്ന് സാദിഖ് വ്യക്തമാക്കുന്നു. അതിനൊപ്പം കൂടുതൽ ജോലികൾ മികച്ച ശമ്പളത്തോടെ ലഭ്യമാക്കുന്നതിനും പ്രയത്നിക്കുമെന്ന് അദ്ദേഹം പറയുന്നു. ശുചിത്വവും സുരക്ഷയും നിറഞ്ഞ ജീവിത സാഹചര്യങ്ങളും ഇവിടുത്തുകാർക്ക് ഉറപ്പാക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.