കൊച്ചി: സേഫ് കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി സ്വകാര്യ ക്ലിനിക്കൽ ലബോറട്ടറികൾ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിൽ മരുന്നുകളും രോഗബാധിതമായ രക്തം, മൂത്രം, കഫം എന്നിവയുടെ സാമ്പിളുകളും സൂക്ഷിക്കുന്ന ഫ്രിഡ്ജുകളിൽത്തന്നെ ഭക്ഷണസാധനങ്ങളും ആശുപത്രി ഉപകരണങ്ങളും സൂക്ഷിക്കുന്നതായി കണ്ടെത്തി. മൂവാറ്റുപുഴ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്.

അതോടൊപ്പം ഉപയോഗശൂന്യമായതും ഉപയോഗിച്ചതുമായ സിറിഞ്ചുകൾ, സൂചികൾ, കാലാവധി കഴിഞ്ഞ റീ ഏജന്റുകൾ തുടങ്ങിയവയും കണ്ടെത്തി. ഇത് ഇവിടെ പരിശോധനക്കും മറ്റുമായി വരുന്നവർക്ക് മാരക സാംക്രമിക രോഗങ്ങൾ വരാൻ ഒരുപാടു സാദ്ധ്യതകൾ ഉണ്ടാകുന്ന രിതിയിലാണ് പല ലബോറട്ടറികളും പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കാലാവധി കഴിഞ്ഞ റീഎജന്റുകൾ സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലുമുള്ള ലബോറട്ടറികളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മൂവാറ്റുപുഴയിൽ ഇതിനു മുൻപും ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തിയിട്ടുണ്ട്. അന്നും ഇത്തരത്തിൽ വൻ ക്രമക്കേടുകൾ പല ലാബുകളിൽ നിന്നും കണ്ടെത്തിയിരുന്നു. അന്നു പരിശോധിച്ച് നോട്ടീസ് നൽകിയ സ്വകാര്യ ക്ലിനിക്കൽ ലബോറട്ടറികൾ പഴയ രിതിയിലാണ് ഇപ്പോഴും തുടരുന്നതെന്നും കണ്ടെത്തി. നഗരസഭാ ലൈസൻസ്, മലിനികരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് തുടങ്ങിയവ ഇല്ലാതെയാണ് ഇവയിൽ പല ലബോറട്ടറികളും പ്രവർത്തിക്കുന്നത്.

അതോടൊപ്പം ലബോറട്ടറി മാലിന്യങ്ങൾ സംസ്‌കരിക്കാതെ കുന്നുകൂട്ടിയിട്ടിരിക്കുകയാണെന്നും ഉപയോഗശേഷം നശിപ്പിച്ചു കളയേണ്ട പല ഉപകരണങ്ങളും വീണ്ടും ഉപയോഗിക്കുന്നതായും കണ്ടെത്തി. ഗവൺമെന്റ് ആശുപത്രികൾ, സ്വകാര്യ പ്രാക്ടിസ് നടത്തുന്ന ഡോക്ടർമാർ തുടങ്ങിയവരുടെ ലാബ് ടെസ്റ്റുകൾ നടത്താനായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന സ്വകാര്യ ലാബുകളിലാണ് ഇമ്മാതിരി വലിയ പിഴവുകൾ പരിശോധനയിലൂടെ കണ്ടെത്തിയത്.

ആലുവ, കളമശ്ശേരി, പെരിയാർ തീരം കേന്ദ്രികരികരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി തകരഷീറ്റിൽ കെട്ടിയുണ്ടാക്കിയ പല ലേബർ ക്യാമ്പുകളിലും നൂറുകണക്കിനു തൊഴിലാളികളാണ് താമസിക്കുന്നത്. അടിസ്ഥാനസൗകര്യം പോലുമില്ലാത്ത ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ഇവർ പ്രാഥമികാവശ്യങ്ങൾ വരെ നിറവേറ്റുന്നത് പെരിയാറിന്റെ കൈവഴികളിലാണ്. തീരം കൈയേറിയാണ് ഇവിടെ ഇത്തരത്തിലുള്ള ഷെഡുകൾ ഇവർ പണിതിരിക്കുന്നത് , ഒട്ടും ശുചിത്വം ഇല്ലാത്ത രിതിയിൽ കെട്ടിയുണ്ടാക്കിയതാണ് ഇവയിൽ പലതും. മാരകമായ പല രോഗങ്ങളും പടർന്നു പിടിക്കാൻ സാധ്യതയുള്ള രിതിയിലാണ് പല അന്യസംസ്ഥാന ലേബർക്യാമ്പുകളും

സേഫ് കേരളയുടെ ഭാഗമായി ശബരിമല അയ്യപ്പന്മാർ കുടുതലായി സഞ്ചരിക്കുന്ന പെരുമ്പാവൂർ- മൂവാറ്റുപുഴ റൂട്ടിലെ ഹോട്ടലുകളിലും കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇവയിൽ പലതിലും ശുചിത്വം ഇല്ലാത്തവയും പഴകിയ ഭക്ഷണം സുക്ഷിക്കുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.