- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിൽ ഛേത്രയിലൂടെ 26-ാം മിനിറ്റിൽ ലീഡെടുത്തു; 74-ാം ഗോൾ വഴങ്ങി; രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനെ കീഴടക്കാനാകാതെ ഇന്ത്യ; സാഫ് കപ്പിൽ സമനിലയോടെ തുടക്കം
മാലി: രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പ്രതിരോധ താരം പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയിട്ടും സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യയെ സമനിലയിൽ കുരുക്കി ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
26-ാം മിനിറ്റിൽ തന്നെ ലീഡെടുത്തെങ്കിലും 54-ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് നിരയ്ക്കെതിരേ 74-ാം മിനിറ്റിൽ ഇന്ത്യൻ സംഘം ഗോൾ വഴങ്ങിയതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. 40 മിനിറ്റിലേറെ സമയം 10 പേരുമായി കളിച്ച ബംഗ്ലാദേശിനെതിരേ വിജയ ഗോൾ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നു മാത്രമല്ല ഗോൾ വഴങ്ങുകയും ചെയ്തു.
മത്സരത്തിൽ നന്നായി തുടങ്ങിയ ഇന്ത്യ 26-ാം മിനിറ്റിൽ സുനിൽ ഛേത്രയിലൂടെ ലീഡെടുത്തു. ഉദാന്ത സിങ്ങിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഛേത്രിയുടെ 76-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 121 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 76 ഗോളുകൾ നേടിയിരിക്കുന്നത്. ഒരു ഗോൾ കൂടി നേടിയാൽ ബ്രസീൽ ഇതിഹാസം പെലെയുടെ രാജ്യാന്തര ഗോൾ നേട്ടത്തിനൊപ്പമെത്താനും ഛേത്രിക്ക് സാധിക്കും. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.
രണ്ടാം പകുതിയിൽ ബംഗ്ലാദേശ് ഡിഫൻഡർ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ പലപ്പോഴും ഇന്ത്യൻ ആക്രമണങ്ങൾക്ക് മുന്നിൽ ബംഗ്ലാദേശ് ഗോൾകീപ്പർ സികോ വിലങ്ങുതടിയായി.
ഇതിനിടെ 74-ാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് സമനില പിടിച്ചു. റാക്കിബ് ഹുസൈന്റെ പാസിൽ നിന്ന് യസിൻ അറഫാത്താണ് ബംഗ്ലാദേശിന്റെ സമനില ഗോൾ നേടിയത്. ഒക്ടോബർ ഏഴിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് കപ്പ് ഫുട്‌ബോളിൽ ഏഴ് തവണയും ജേതാക്കളായത് ഇന്ത്യയായിരുന്നു.
സ്പോർട്സ് ഡെസ്ക്