റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവയുഗം കലാവേദിയുടെ വൈസ് പ്രസിഡന്റും ,സാമൂഹിക പ്രവർത്തകയുമായ സഫിയ അജിത് (49)നിര്യാതയായി. ക്യാൻസർ ബാധിച്ച് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫിയ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗം ബാധിതയായിരുന്ന സഫിയയെ രണ്ടാഴ്ച മുമ്പ് വിദഗ്ധ ചികിത്സയ്ക്കായിട്ടായി കൊച്ചിയിലെ ലെയ്ക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് സൗദിയിൽ നഴ്‌സ് കൂടിയായി സഫിയ വിട പറഞ്ഞത്.

സൗദിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും ,സൗദിയിൽ ജോലി ചെയ്യുന്ന വീട്ടു ജോലിക്കാർക്കും ,സാധാ തൊഴിലാളികൾക്കും എന്നും അത്താണിയുമായ സഫിയ കുറെ ഏറെ ജൊലികൾ ബാക്കി വച്ചിട്ടാണ് യാത്രയായത്. രണ്ട് പതിറ്റാണ്ടു കളോളം സൗദി അറേബ്യയുടെ പല പല ഭാഗങ്ങളിൽ സാധാരണ ജനങളുടെ ഇടയിൽ പ്രവർത്തിച്ച സഫിയ ഇന്ത്യൻ എംബസ്സി ഉദ്യോാഗസ്ഥർക്കും സൗദിയിലെ വിവിധ കോൺസുലേറ്റുകളിലെ ഉദ്യോഗസ്തർക്കും സുപരിചിത ആയിരുന്നു.

കൂടുതലും വീട്ട് ജോലിക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും നിയമ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഫിയയുടെ വേർപാട് പ്രവാസി സമൂഹത്തിന് ഒരു തീരാ നഷ്ടമായിട്ടാണ് പ്രവാസി സമൂഹം വിലയിരുത്തുന്നത്.സഫിയയുടെ വേർപാട് പ്രവാസ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്‌ത്തി. പ്രവാസ ലോകത്ത് നിന്നും നിരവധി പുരസ്‌കാരങ്ങൾ സഫിയയെ തേടിയെത്തിയിട്ടുണ്ട്. ഭർത്താവ് അജിത്ത് നവയുഗം കലാവേധിയുടെ ജനറൽ സെക്രട്ടറി യാണ് .

ഹൈദരബാദിൽ നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈ ജസ്‌ലോക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്നു. അഞ്ച് വർഷം യമനിലെ ദനാറിലും ജോലി ചെയ്തു. 13 വർഷം അൽ ഖസീം പ്രവിശ്യയിൽ ബുഖേരിയയിൽ ജോലി ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ദമാമിലായിരുന്ന സഫിയ നാല് വർഷത്തോളം ദമാം അസ്തൂൺ ആശുപത്രിയിൽ നഴ്‌സിങ് സൂപ്രണ്ടായി ജോലി ചെയ്തിട്ടുണ്ട്.

മുംബൈയിൽ ജോലി ചെയ്യുമ്പോഴാണ് സഫിയ എന്ന പേരോടെ ഇസ്‌ലാം സ്വീകരിച്ചത്. തുടർന്ന് വിവാഹിതയായി. ഈ ദാമ്പത്യത്തിൽ രണ്ട് മക്കളുണ്ട്. സൗദിയിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടത്. കുടുംബത്തിൽ നിന്ന് ആവശ്യമായ പരിചരണം ലഭിക്കാതെ വന്നതോടെ വിവാഹമോചിതയായി. സാന്ത്വനവും സഹായവുമായി ഒപ്പം നിന്ന അജിത് അബ്ദുൽ സലാം സഫിയയെ ജീവിതസഖിയാക്കി. എട്ട് വർഷം മുമ്പായിരുന്നു വിവാഹം. കൊല്ലം ചാത്തനൂർ ഏറംവടക്ക് കൈരളിയിലാണ് വീട്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തമിഴ് ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സാമൂഹിക തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് ഈ ഭാഷാ പരിജ്ഞാനം ഏറെ ഉപകരിച്ചു. നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര വൈസ് പ്രസിഡന്റും കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോൻ പുരസ്‌കാരം, ദേശീയ മഹിളാ ഫെഡറേഷൻ, കേരള പ്രവാസി ഫെഡറേഷൻ , കെ.സി. പിള്ള സ്മാരകം, റിയാസ് ഫ്രണ്ട്‌സ് ക്രിയേഷൻസ്, റിയാദ് ഹംസക്കുട്ടി അരിപ്ര , കൊല്ലം പൈതൃകം, നവയുഗം അൽഹസ, നവയുഗം ഖൊദരിയ ഘടകം, വെസ്‌കോസ മലയാളി അസോസിയേഷൻ തുടങ്ങി വിവിധ പുരസ്‌കാരങ്ങളും നൽകി ആദരിച്ചു. ഒരാഴ്ച മുമ്പാണ് വടകര എൻആർഐ ഫോറം പേഴ്‌സൺ ഓഫ് ദി ഇയർ 2014 പുരസ്‌കാരം പ്രഖ്യാപിച്ചത്.

നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് മരട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തുമെന്ന് ഭർത്താവ് കെ.ആർ. അജിത് പറഞ്ഞു. രാവിലെ ഏഴ് മുതൽ എറണാകുളം ബോട്ട് ജട്ടിയിലെ സി. അച്യുതമേനോൻ മന്ദിരത്തിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും.