കാസർകോട്: നാടിനെ നടുക്കിയ കൊലപാതകമായ സഫിയ കേസിന്റെ വിധിയിൽ പബ്‌ളിക് പ്രോസിക്യൂട്ടർ സി. ഷുക്കൂറും സംതൃപ്തനാണ്. ഒന്നാം പ്രതിക്ക് വധശിക്ഷ തന്നെ കിട്ടി. കോടതിക്കുള്ളിൽ ഇരുന്ന തന്നെ വിധിയുടെ വിശദാംശങ്ങൾ ലോകത്തെ അറിയിക്കാനു ഷുക്കൂർ തയ്യറായി. അങ്ങനെ ഫെയ്‌സ് ബുക്കിലൂടെ ഷുക്കൂറിട്ട ഓരോ പോസ്റ്റും സൂപ്പർ ഹിറ്റായി.

ഇങ്ങനെ വിധി പ്രസ്താവിക്കാൻ കോടതി മുറിയിൽ ജഡ്ജി കയറിവരുന്ന ഘട്ടംമുതലുള്ള ഓരോ നിമിഷവും അതത് സമയം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി പടർന്നു. മൂന്നു പ്രതികളുടെയും ശിക്ഷാവിധികളിൽ കുറഞ്ഞ ശിക്ഷക്കാരെ ആദ്യം പ്രഖ്യാപിക്കുന്നതിനനുസരിച്ച് ഫേസ്‌ബുക്കിലേക്ക് കോടതി മുറിക്കുള്ളിൽ നിന്നും അയച്ചുകൊണ്ടിരുന്നത് ഉദ്വേഗജനകമായ മുഹൂർത്തത്തിന് കാരണമായി. ഏവരും പ്രധാന പ്രതിയുടെ ശിക്ഷ അറിയാൻ കാത്തിരുന്നു. ഒടുവിൽ ഷുക്കൂർ പ്രതീക്ഷിച്ചതു പോലെ വധശിക്ഷയെത്തി.

കോടതി മുറിയിലിരുന്നുകൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളിലേക്ക് കോടതി നടപടികൾ എത്തിക്കുന്നത് നിയമ പ്രശ്‌നം ആകുമെന്ന അഭിപ്രായം ആദ്യമൊക്കെ ഉയർന്നിരുന്നുവെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായികുന്നു ഷുക്കൂറിന് കൂട്ടിന്. കോടതി മുറിയിൽ നിന്ന് ഫേസ്‌ബുക് ഉപയോഗിച്ചതിന് കീഴ്‌കോടതി അഭിഭാഷകനെ ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും ആരോഗ്യകരമായ വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് വിധിയുണ്ടായതായും അഡ്വ. സി. ഷുക്കൂർ പറഞ്ഞു. ഇതു തന്നെയാണ് സഫിയാക്കേസിൽ ഫെയ്‌സ് ബുക്കിൽ നിറയ്ക്കാൻ ധൈര്യം പകർന്നത്.

 

സഫിയ കേസിലെ ബഹു. കോടതി വിധിക്ക് ഞാനൊരു നിമിത്തമായെന്നു മാത്രം. ആ കേസിലെ ഫയലുകളും രേഖകളും പരിശോധിച്ചാൽ നമുക്ക് ഉറക്കം പോ...

Posted by Public Prosecutor, Kasaragod on Thursday, July 16, 2015

രാജ്യത്തുതന്നെ ആദ്യമായാണ് കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014 സെപ്റ്റംബറിലാണ് സാമൂഹിക മാദ്ധ്യമങ്ങൾ കോടതി വിധി അറിയിക്കാൻ ഉപയോഗിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി നടപടികളിലുള്ള ശ്രദ്ധതിരിഞ്ഞുപോകാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും വേണം അദ്ദേഹം പറഞ്ഞു. ചാനലുകളിൽ കുറഞ്ഞ വിവരങ്ങൾ മാത്രമാണ് കോടതി വിധികളെക്കുറിച്ച് നൽകുന്നത്. എന്നാൽ, വിധിയുടെ പകർപ്പ് തന്നെ ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതുവഴി വിധിയെ സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് കാസർകോട് പബ്‌ളിക് പ്രോസിക്യൂട്ടർ തെളിയിച്ചത്.

ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും വിധിനിർണയ നിമിഷങ്ങൾക്ക് ഫേസ്‌ബുക്കിൽ ലഭിച്ചു. ആരും തുണയില്ലാത്ത പെൺകുട്ടിക്കുവേണ്ടി പൊതുസമൂഹത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ച പബ്‌ളിക് പ്രോസിക്യൂട്ടർക്കും ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി കെ.വി. സന്തോഷിനും ഏറെ അഭിനന്ദനങ്ങളും ലഭിച്ചു. പുണ്യമാസത്തിലെ ഏറ്റവും പുണ്യമായ ദിനം എന്നാണ് പലരും വിശേഷിപ്പിച്ചത്. സഫിയ വധക്കേസിൽ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധ ശിക്ഷയാണ് കോടതി വിധിച്ചു. കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കാസർഗോഡ് ജില്ലാകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കെസി ഹംസ, ഭാര്യ മൈമുന, സഹായി എം അബ്ദുല്ല എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഹംസയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. 2014 ഒക്ടോബർ ഒമ്പതിന് എച്ച്.എൽ.ദത്തു, ആർ.കെ.അഗർവാൾ, അരുൺ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 1990ൽ സുപ്രീംകോടിതി ഫുൾബെഞ്ച് വിധിപറഞ്ഞ ബച്ചൻ സിങ്പഞ്ചാബ് കേസ്, മച്ചിസിങ്പഞ്ചാബ് കേസുകൾ എന്നിവ പ്രോസിക്യൂഷൻ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയിൽ വാദമുഖങ്ങളായി നിരത്തി. ഇത് അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.