ന്യൂഡൽഹി: സിപിഎമ്മിൽ നിന്ന് ബിജെപി ത്രിപുര പിടിച്ചെടുക്കുമോ? നാഗ പീപ്പിൾസ് ഫ്രണ്ട് നാഗാലാൻഡ് നിലനിർത്തുമോ? മേഘാലയിൽ സർക്കാർ വിരുദ്ധ തരംഗം അതിജീവിക്കാൻ കോൺഗ്രസിന് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം മാർച്ച് മൂന്നിന് ഉത്തരം കിട്ടും. എന്നാൽ, എക്‌സിറ്റ്് പോൾ ഫലങ്ങൾ എന്താണ് പ്രവചിക്കുന്നത്?

കഴിഞ്ഞ 25 വർഷം ചുവപ്പുകോട്ടയായിരുന്ന ത്രിപുര സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്ന് ന്യൂസ് എക്‌സ് എക്‌സിറ്റ് പോൾ ഫലം. ബിജെപിക്കും ഐപിഎഫ്ടിക്കും കൂടി 35 നും 45 ഉം ഇടയിൽ സീറ്റ് കിട്ടുമെന്നാണ് പ്രവചനം.അതേസമയം, സിപിഎമ്മിന്റെ സീറ്റുകൾ 50 ൽ നിന്ന് 23 മുതൽ 14 വരെ കുറയാം. അതേസമയം ആക്‌സിസ് മൈ ഇന്ത്യ എക്‌സിററ് ഫോൾഫലപ്രകാരം ബിജെപി സഖ്യം 45 മുതൽ 50 സീറ്റുകൾ കിട്ടാം. ഇടതുപക്ഷത്തിന് 9 മുതൽ 10 സീറ്റ് വരെയാണ് പ്രവചനം.

നാഗാലാൻഡിൽ നെയ്ഫു റയോ നയിച്ച എൻഡിപിപിയുമായി സഖ്യത്തിലാണ് ബിജെപി. ന്യൂസ് എക്‌സിന്റെ പ്രവചനപ്രകാരം ബിജെപിക്ക് 27 മുതൽ 32 സീറ്റുകൾ വരെ കിട്ടാം.നാഗ്ാ പീപ്പിൾസ് ഫ്രണ്ടിന് 20 മുതൽ 25 വരെ സീറ്റുകൾ കിട്ടാം. 60 അംഗ നിയമസഭയിൽ കോൺഗ്രസിന് രണ്ടുസീറ്റുകൾ വരെ കിട്ടിയേക്കും.

മേഘാലയയിലും ബിജെപി കാര്യമായ നേട്ടമുണ്ടാക്കും. ആക്‌സിസ് മൈ ഇന്ത്യ പ്രവചനപ്രകാരം 60 അംഗ സഭയിൽ പകുതിയോളം സീറ്റുകൾ ബിജെപി സ്വന്തമാക്കും.കോൺഗ്‌സ് 20 സീറ്റുമായി പിന്തള്ളപ്പെടും.എന്നാൽ ന്യൂസ് എക്‌സിന്റെ പ്രവചനപ്രകാരം കോൺറാഡ് സാംഗ്മ നയിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിക്ക് പരമാവധി 23 മുതൽ 27 സീറ്റുവരെ കിട്ടും.

ത്രിപുരയിൽ 2013 ലെ തിരഞ്ഞെടുപ്പിനെ അപേ്ക്ഷിച്ച് ഇത്തവണ പോളിങ് കുറവായിരുന്നു. 91.82 ശതമാനത്തിൽ നിന്ന് 89.8 ശതമാനമായി പോളിങ് താഴ്ന്നു.മേഘാലയിൽ 68 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.നാഗാലാൻഡിൽ 75 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.
നാഗാലാൻഡിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്കുലുട്ടോയിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിനു സമീപമായിരുന്നു അക്രമം. നേരത്തെ ടിസിത് മണ്ഡലത്തിലെ പോളിങ് സ്റ്റേഷന് നേരെ ബോംബേറും നടന്നിരുന്നു.-