- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹിതരായി ഒരാഴ്ച കഴിഞ്ഞപ്പോൾ ഷഹാനയും സജ്ജാദും തമ്മിൽ വഴക്കുതുടങ്ങി; ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം ഇല്ലായിരുന്നു; വീട്ടിൽനിന്ന് ഇറക്കി വിട്ടു; സ്ത്രീധനമായി ഒന്നും തന്നിട്ടില്ല; മരണത്തിൽ പങ്കില്ലെന്ന് സജ്ജാദിന്റെ മാതാവ് അസ്മ
കോഴിക്കോട്: നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവും കേസിലെ പ്രതിയുമായ സജ്ജാദിന്റെ മാതാവ് അസ്മ. വീട്ടുകാർ ചേർന്നാണ് കല്യാണം ആലോചിച്ച് നടത്തിയതെന്നും വീട്ടിൽ നിരന്തരം വഴക്കായതോടെ ഇരുവരെയും വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നുവെന്നും അസ്മ പറയുന്നു.
2020 ഡിസംബർ മൂന്നിനാണ് വിവാഹം കഴിഞ്ഞത്. ജനുവരി 25ന് ഇരുവരും വീട്ടിൽനിന്നു പോയി. മരിച്ചശേഷമാണ് പിന്നീട് ഷഹാനെയെ കാണുന്നത്. ഫോണിൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സജ്ജാദിനെ ഇടയ്ക്ക് കാണുമായിരുന്നു.
വിവാഹത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ ഷഹാനയും സജ്ജാദും വീട്ടിൽ വഴക്കായിരുന്നു. പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഒരുദിവസം ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് ഷഹാന അടുക്കളയിൽ കയറി, കത്തി കയ്യിൽവച്ചു. ഇതിനുപിന്നാലെയാണ് ഇവരെ വീട്ടിൽനിന്ന് ഇറക്കി വിട്ടത്. ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം തനിക്കില്ലായിരുന്നു. അതുകൊണ്ട് സ്വന്തം വരുമാനംകൊണ്ട് ജീവിക്കാൻ ഇവരോട് ആവശ്യപ്പെട്ടെന്നും അസ്മ പറഞ്ഞു.
സ്ത്രീധനമായി 25 പവൻ സ്വർണം നൽകിയെന്ന ഷഹാനയുടെ ബന്ധുക്കളുടെ ആരോപണം അസ്മ നിഷേധിച്ചു. 'ഒന്നും കൊടുക്കില്ലെന്നു പറഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. അവർക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്നു ഷഹാനയുടെ സഹോദരൻ ബിലാൽ എന്നോട് പറഞ്ഞിരുന്നു. സ്ത്രീധനമായി എന്റെ കയ്യിൽ ഒന്നും തന്നിട്ടില്ല. അവർക്ക് കൊടുത്തത് എന്ത് ചെയ്‌തെന്ന് അറിയില്ല.' അസ്മ പറഞ്ഞു.
വിവാഹ ആലോചന വന്നപ്പോൾ ഷഹാനയുടെ ചുറ്റുപാട് കണ്ടപ്പോൾ ബന്ധം വേണ്ടെന്നുവച്ചു. ഷഹാനയും സജ്ജാദും ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം സജ്ജാദിന്റെ നിർബന്ധപ്രകാരമാണ് വിവാഹം നടത്തികൊടുത്തത്. സജ്ജാദ് ലഹരി ഉപയോഗിക്കുന്നത് അറിയില്ല. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും അസ്മ വ്യക്തമാക്കി.
മോഡലിങ് രംഗത്ത് തിളങ്ങാനും കൂടുതൽ അവസരങ്ങൾ നേടാനും ഷഹാനക്ക് കഴിഞ്ഞിരുന്നു അതിനിടെ 20 വയസ്സിൽ വിവാഹിതയായി. പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട് ചേവായൂരിൽ താമസമായി. ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന വിവാഹജീവിതമാണ് ഷഹാനയും ആഗ്രഹിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസർഗോഡ് ചെറുവത്തുർ തിമിരിയിലാണ്.
ഷഹാനയുടെ വീട്ടുകാർ പറയുന്നതിനനുസരിച്ച് ധൂർത്തനും ആഡംബര പ്രിയനുമായിരുന്നു ഭർത്താവ് സജാദ്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഷഹാനക്ക് വീട്ടുകാർ നൽകിയ സ്വർണവും പണവുമെല്ലാം ഇയാൾ വിറ്റുതുലച്ചു. സജാദിന്റെ വീട്ടുകാരും ഷഹാനയെ ബുദ്ധിമുട്ടിച്ചെന്ന് ഇവർ ആരോപിക്കുന്നു. ഷഹാന ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലും ഇയാൾ കണ്ണുവെച്ചു.
ഷഹാനക്ക് ലഭിക്കുന്ന പ്രതിഫലം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം മർദ്ദിച്ചു. ഇയാളുടെ ക്രൂര പീഡനത്തിന്റെ ഇരയായിരുന്നു ഷഹാന. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് വഴക്കിടുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം പതിവായി കേൾക്കാമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. ഷഹാനയെ സജാദ് മർദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. വിവാഹത്തിന് ശേഷം ഒരു തവണ മാത്രമാണ് ഷഹാനയുടെ വീട്ടിൽ പോകാൻ ഇയാൾ സമ്മതിച്ചത്.
ദാരിദ്ര്യത്തിന് നടുവിലായിരുന്നു ഷഹാനയുടെ ജീവിതം. ഏറെക്കാലമായി വാടക വീട്ടിലാണ് ഷഹാനയും ഉമ്മ ഉമൈബയും സഹോദരങ്ങളും താമസിച്ചത്. രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് നിർമ്മിച്ചത്. പണി ഇനിയും പൂർത്തിയായിട്ടില്ല. ഈ വീട്ടിലാണ് ഉമൈബയും മക്കൾ ബിലാലും നദീനും താമസിക്കുന്നത്. നടിയും മോഡലുമൊക്കെയായി ജീവിതം പതിയെ സാമ്പത്തികമായി കരുപ്പിടിച്ചുവരവെയാണ് കഴിഞ്ഞ ദിവസം പീഡനം സഹിക്കവയ്യാതെ ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചത്.
സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് പൊലീസ് പറയുന്നു. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ പൊലീസ് പരിശോധിച്ചെങ്കിലും ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ