ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹറാൻപുരിൽ മേൽജാതിക്കാരായ താക്കൂർമാർ ദളിതുകളെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ദേശീയതലത്തിലേക്ക്. തങ്ങൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്ദിറിൽ ഇന്നു നടന്ന പ്രതിഷേധത്തിൽ അമ്പതിനായിരം പേരാണ് പങ്കെടുത്തത്. ബിഎസ്‌പി നേതാവ് മായാവതി അടക്കമുള്ളവർ വിഷയത്തെ ഏറ്റെടുത്തിരിക്കുകയാണ്.

മെയ്‌ ആറിന് താക്കൂർമാർ നടത്തിയ കൊള്ളയിലും കൊള്ളിവെയ്‌പ്പിലും ദളിതുകളുടെ 60 വീടുകൾ ചാരമായി. മേൽജാതിക്കാരുടെ ആക്രമണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ദളിതുകൾ ഇന്ന് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്ക് ധനസഹായം നല്കുക, ആക്രമിച്ചവർക്കെതിരേ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളും ദളിതുകൾ ഉന്നയിക്കുന്നു. ഭീം ആർമി എന്ന ദളിത് സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ നീല വസ്ത്രം ധരിച്ചാണ് ദളിതുകൾ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി കൈയിലെ ചരടും ഇവർ പൊട്ടിച്ചു ദൂരെയെറിഞ്ഞു.

14ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവാർ ഭരിച്ചിരുന്ന മഹാറാണാ പ്രതാപിന്റെ ഓർമയ്ക്കായി മെയ്‌ അഞ്ചിന് താക്കൂറുകൾ നടത്തിയ റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. ഒച്ചയും ബഹളവും വച്ചുകൊണ്ടുള്ള റാലി നിർത്തണമെന്ന് ദളിതുകൾ ആവശ്യപ്പെട്ടു. ഇതിൽ കുപിതരായ താക്കൂറുകൾ ദളിത് വീടുകൾ കത്തിച്ചു പ്രതികാരം ചെയ്യുകയായിരുന്നു. 60 വീടുകൾ കത്തിനശിച്ചു.

താക്കൂർ വിഭാഗത്തിൽപ്പെട്ട ഒരു യുവാവ് മരിച്ചെങ്കിലും ഇത് പുകശ്വസിച്ചാണെന്നാണ് നിഗമനം. സംഘർഷത്തെതുടർന്ന് സഹറാൻപൂർ അസ്വസ്ഥഭരിതമാണ്. വീടു നഷ്ടപ്പെട്ടവർക്കു ധനസഹായം ലഭ്യമാക്കാണമെന്ന് ആവശ്യപ്പെടാൻ ഒമ്പതിന് ദളിതുകൾ പഞ്ചായത്ത് വിളിച്ചെങ്കിലും അധികൃതർ അനുമതി നല്കിയില്ല.

ദളിതുകൾക്ക് സംരക്ഷണം നല്കാൻ ബിജെപി സർക്കാരിനു നേതൃത്വം നല്കുന്ന യോഗി ആദിത്യനാഥിനു കഴിയുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ച് മായാവതി അടക്കമുള്ള നേതാക്കൾ രംഗത്തുവന്നതോടെ വിഷയത്തിന് രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.