സൗദി അറേബ്യയിൽ ഗതാഗതം നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സൗദി ട്രാഫിക് പൊലീസ് സ്വകാര്യ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ സുരക്ഷാ ക്യാമറാ സംവിധാനം ആഭ്യന്തരമന്ത്രാലയം ഏറ്റെടുക്കുന്നു. ക്യാമറകളും സാങ്കേതിക ഉപകരണങ്ങളും 4000 ജീവനക്കാരും അടങ്ങിയവയാണ് ഇനി മന്ത്രാലയത്തിന്റെ കീഴിലാകുന്നത്.

കമ്പനി നൽകിയ സാങ്കേതിക വിദ്യ വിജയമാണെന്ന് തെളിഞ്ഞതോടെ കരാർ പ്രകാരം സാഹിറിന്റെ പൂർണ ഉത്തരവാദിത്തം അടുത്ത മാസം മുതൽ ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും.

പദ്ധതി ആരംഭിച്ച സമയത്തുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാഹിർ ക്യാമറകൾ അടങ്ങിയ ഉപകരണങ്ങളും ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയത്തിന് കൈമാറുന്നത്. മൂന്നു വർഷത്തെ നടത്തിപ്പാണ് ട്രാഫിക് വിഭാഗം സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നത്. 4,000 ജോലിക്കാർക്ക് നിലവിലുള്ള സേവന വേതന വ്യവസ്ഥയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറും. രാജ്യത്തെ 12 മന്ത്രാലയങ്ങൾക്ക് സാങ്കേതിക, സുരക്ഷ സേവനങ്ങൾ നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള 'സൗദി കമ്പനി ഫോർ കോംപ്രിഹെൻസീവ് സെക്യൂരിറ്റി കൺട്രോൾ' എന്ന കമ്പനിയിലേക്കാണ് ജീവനക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നത്.

സൗദി അറേബ്യയിൽ 'സാഹിർ' എന്ന പേരിൽ മൂന്ന് വർഷം മുമ്പാണ് ഗതാഗത നിരീക്ഷണത്തിനും നിയമലംഘനം കണ്ടെത്തുന്നതിനും ക്യാമറകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്.