- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരാവസ്തു തട്ടിപ്പ് കേസ്; 24 ന്യൂസ് മാധ്യമപ്രവർത്തകൻ സഹിൻ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; മോൻസനുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരണം തേടി; ചോദ്യം ചെയ്യൽ, ശബരിമലയ്ക്ക് എതിരെ വ്യാജ ചെമ്പോല ഉപയോഗിച്ച് വാർത്ത നൽകിയതിൽ പരാതി നിലനിൽക്കെ
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി ബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകൻ സഹിൻ ആന്റണിയെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. മോൻസനുമായുള്ള ബന്ധത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സഹിൻ ആന്റണിയോട് വിശദീകരണം തേടി.
സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശബരിമലയ്ക്കെതിരെ മോൻസൻ മാവുങ്കലിന്റെ വ്യാജരേഖ ഉപയോഗിച്ച് വാർത്ത നൽകിയെന്ന് സഹിനെതിരായ ആരോപണം ഉയർന്നിരുന്നു. വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ചെന്ന് കാട്ടി നിരവധി പരാതികൾ ഉയർന്നിരുന്നു.
മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമലയിലെ ' ചെമ്പോല തീട്ടൂരം ' എന്ന പേരിലാണ് സഹിൻ ആന്റണി ജോലി ചെയ്തിരുന്ന 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയത്. ശബരിമലയുടെ 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് മോൻസന്റെ കൈയിലുള്ളതെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.
ശബരിമലയിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യുവതീ പ്രവേശന വിലക്ക് സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.
എന്നാൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ മോൻസൻ മാവുങ്കൽ അറസ്റ്റിലായതോടെയാണ് ചെമ്പോലയുടെ ആധികാരികത വെളിവാകുന്നത്.മോൻസൺ വ്യാജമായി നിർമ്മിച്ചതാണ് ചെമ്പോലയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
വ്യാജ രേഖകൾ ചമച്ച് വാർത്ത നൽകിയതിൽ അടക്കം പൊതുസമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ 24 ന്യൂസ് സഹിൻ ആന്റണിയെ മാറ്റി നിർത്തിയിരുന്നു. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള സഹിൻ ആന്റണിയുടെ അടുപ്പം വിവാദമായതോടെയായിരുന്നു മുഖം രക്ഷിക്കാൻ നടപടി.
മോൻസൻ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിൻ ആന്റണിയാണെന്നു വെളിപ്പെട്ടിരുന്നു.
സഹിൻ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓർഡിനേറ്ററാക്കിയത് മോൻസന്റെ ശുപാർശയിലാണെന്നു ഭാരവാഹികൾ വെളിപ്പെടുത്തിയതും പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ സഹിൻ ആന്റണി അടുത്ത കാലത്തായി വൻതോതിൽ സ്വത്തു സമ്പാദിച്ചത് മോൻസന്റെ ബിനാമിയായാണെന്ന് ആരോപണം ഉയർന്നു. കൊച്ചിയിലും റാസൽഖൈമയിലും സഹിൻ റസ്റ്ററന്റുകൾ ആരംഭിച്ചതടക്കം ഉയർത്തിയായിരുന്നു ആരോപണങ്ങൾ.
മോൻസൻ ബന്ധം വെളിപ്പെട്ടപ്പോഴും സഹിൻ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ സ്വീകരിച്ചത്. ശബരിമല വ്യാജ ചെമ്പോല വാർത്തയ്ക്കെതിരെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി നൽകിയത് തിരിച്ചടിയായി. ഓൺലൈൻ പരാതി സംവിധാനത്തിലൂടെ കാൽലക്ഷത്തിലേറെ പേരാണ് പരാതിയുമായി രംഗത്ത് എത്തിയത്.
വ്യാജ ചെമ്പോല ഉയർത്തിക്കാട്ടി വ്യാജവാർത്ത നൽകിയതിന് എതിരെ പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്നും കൊട്ടാരം അധികൃതർ വെളിപ്പെടുത്തിയിരുന്നു. വ്യാജ ചെമ്പോല ചാനലിനു കുരുക്കാകുമെന്നു വന്നതോടെ മാധ്യമ പ്രവർത്തകനെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നു.
മുട്ടിൽ മരംമുറി വിവാദത്തിലുൾപ്പെട്ട ദീപക് ധർമ്മടത്തെ സസ്പെൻഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോൻസന്റെ വ്യാജ ചെമ്പോലയുടെ പേരിൽ സഹിൻ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ