- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൺ മാവുങ്കലിന്റെ ഇടനിലക്കാരൻ എന്ന് പരാതിക്കാർ; ശബരിമല ചെമ്പോലയിലും ചാനലിനെ പ്രതികൂട്ടിലാക്കി; ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതിപ്രളയം വന്നതോടെ 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയെ അന്വേഷണ വിധേയമായി മാറ്റി നിർത്തി മാനേജ്‌മെന്റ്
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലുമായി ബന്ധം ഉണ്ടായിരുന്ന 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയോട് മാറി നിൽക്കാൻ മാനേജ്‌മെന്റിന്റെ നിർദ്ദേശം. അന്വേഷണ വിധേയമായാണ് മാറ്റി നിർത്തിയത്. സഹിൻ ആന്റണിയാണ് മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് പരാതിക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു.നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർത്ത കൊച്ചി എസിപി ലാൽജിയുമായും, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ശബരിമല ചെമ്പോലയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വ്യാജ വാർത്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ ഇരുപത്തിയൊന്നായിരത്തോളം പരാതികളാണ് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിച്ചത്. വെറും നാല് ദിവസം കൊണ്ടാണ് ഇത്രവലിയ പിന്തുണ ഈ ക്യാംപെയ്‌ന് ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും മത സംഘടനകളുടേയും പിന്തുണ ഇല്ലാതെയാണ് ക്യാംപെയ്ന് ഇത്രവലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിശദീകരണം ചോദിക്കാനിരിക്കയാണ് ചാനലിന്റെ ധൃതി പിടിച്ച നടപടി. റിപ്പോർട്ടർ നൽകിയ വ്യാജ വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ മാനേജ്‌മെന്റ് മാറ്റി നിർത്തി എന്ന് ബോധിപ്പിക്കാൻ കൂടിയാണ് പുതിയ നീക്കം. ഇതിനൊപ്പം, ചാനൽ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്.
പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്നും കൊട്ടാരം അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ ചെമ്പോല ചാനലിനു കുരുക്കാകുമെന്നു വന്നതോടെയാണ് ഉത്തരവാദിത്തം റിപ്പോർട്ടർ സഹിൻ ആന്റണിയുടെ മേൽ കെട്ടിവച്ചു രക്ഷപ്പെടാൻ ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ശ്രമിക്കുന്നത്. റിപ്പോർട്ടർക്കെതിരെ നടപടിയെടുത്തെന്നു വരുത്തി ചാനലിനെതിരായ നടപടികളിൽ നിന്നു രക്ഷപ്പെടാനാണ് ശ്രീകണ്ഠൻ നായരുടെ ശ്രമം.
സഹിൻ ആന്റണിയാണ് ചെമ്പോല വാർത്ത റിപ്പോർട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവർക്കാണ് ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ നടത്താൻ ഉള്ള അവകാശമെന്നും ഈ രേഖകൾ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയിൽ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോർട്ടിൽ ഇപ്പോൾ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോൾ ഈ രേഖയെന്നതും ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർത്ത കൊച്ചി എസിപി ലാൽജിയുമായും, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ, 24 ന്യൂസ് ചാനൽ കോഴിക്കോട് റീജനൽ മേധാവി ദീപക് ധർമ്മടം മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായിരുന്നു. തുടർന്ന് ചാനൽ മുഖം രക്ഷിക്കാൻ ഇയാളെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിൻ ആന്റണിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ