തൃശൂർ:'ആരാണ് യഥാർത്ഥ എഴുത്തുകാരൻ എന്ന് നിശ്ചയിക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ സമസ്ത കേരള സാഹിത്യ പരിഷത്തിൽ എത്തരത്തിലുള്ള എഴുത്തുകാർ വരണമെന്നതിനെക്കുറിച്ചുള്ള മാനദണ്ഡം വളരെ ഗൗരവപൂർണ്ണമായ ചർച്ചക്കെടുത്ത് ഒടുവിൽ ഞങ്ങൾ പരിഷത്തിന്റെ എക്‌സിക്യുട്ടീവിൽ ഒരു തീരുമാനമെടുത്തു. അതിൻപ്രകാരം കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയവരെ മാത്രമേ സമസ്ത കേരള സാഹിത്യ പരിഷത്തിൽ സ്വീകരിക്കേണ്ടതുള്ളൂ എന്ന് ഞങ്ങൾ രേഖാമൂലം തീരുമാനിക്കുകയായിരുന്നു. - പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.

ഇപ്പോൾ സാഹിത്യത്തിന്റെ ലേബലിൽ പുറത്തിറങ്ങുന്ന പായലുകളും ചണ്ടികളും വായിച്ചതുകൊണ്ടാണ് തന്റെ ആരോഗ്യം ഇത്രമേൽ ക്ഷയിച്ചതും താൻ ഈ പരുവത്തിലായതെന്നും പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു നാവെടുത്തതിനു ശേഷമാണ് പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന.

താൻ ഇത്രയും പറഞ്ഞത് ആരേയും അപമാനിക്കാനല്ലെന്നും സാഹിത്യം അത്രയ്ക്ക് കെട്ടതായതുകൊണ്ടുമാണെന്നും ടി.പത്മനാഭൻ പറഞ്ഞു. ഇന്ത്യയിൽ സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. സത്യം പറയുന്നവർ കൊല്ലപ്പെടുന്നു. ഹൈക്കോടതി ജഡ്ജിമാർ പോലും ഇവിടെ കൊല്ലപ്പെടുന്നു. നാം 51 വെട്ടിന്റെ കവിതകളും കഥകളും എഴുതിയിട്ടൊന്നും കാര്യമില്ല. സാഹിത്യം മുദ്രാവക്യങ്ങളോ ചുവരെഴുത്തുകാളോ അല്ല. എഴുത്തുകാർ പ്രതികരിക്കണം. ഗോർക്കിയെപോലെ ടോൾസ്റ്റോയിയെപ്പോലെ. ദുർഗ്ഗ എന്ന സിനിമ നിരോധിക്കപ്പെടുന്നതും ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതുമായ സാഹചര്യം ഓർത്തെടുത്തുകൊണ്ട് ടി. പത്മനാഭൻ പറഞ്ഞു.

സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്റെ പ്രസ്താവന സദസ്സിൽ വിവാദത്തിന് തിരി കൊളുത്തിയതോടെ പരിഷത്ത് സെക്രട്ടറി ഡോ. ടി. എൻ. വിശ്വംഭരൻ മറ്റൊരു ന്യായവാദവുമായി രംഗത്തെത്തി. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയവരെ മാത്രമേ സമസ്ത കേരള സാഹിത്യ പരിഷത്തിൽ സ്വീകരിക്കേണ്ടതുള്ളൂ എന്നത് മാനദണ്ഡമല്ല, മറിച്ച് പരിഷത്തിന്റെ നയമാണ് എന്ന് സെക്രട്ടറി ഡോ. ടി. എൻ. വിശ്വംഭരൻ തിരുത്താൻ ശ്രമിച്ചു.

എഴുത്തുകാരുടെ സംഘടനയായ സമസ്ത കേരള സാഹിത്യ പരിഷത്താണ് കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്. മേൽപ്പറഞ്ഞ യാതൊരുവിധ പുരസ്‌കാരങ്ങളും കരസ്ഥമാക്കാത്ത രാമവർമ്മ അപ്പൻ തമ്പുരാനായിരുന്നു പരിഷത്തിന്റെ ആദ്യ അധ്യക്ഷൻ.

ഇപ്പോൾ നവതിയിലെത്തിനിൽക്കുന്ന ഈ പരിഷത്താണ് ഇപ്പോൾ അംഗത്വത്തിനായുള്ള മാനദണ്ഡം രേഖാമൂലം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത് എന്നത് അത്യന്തം ഖേദകരമായിപ്പോയെന്ന് സദസ്സിലുണ്ടായിരുന്നവർ പ്രതിഷേധ സ്വരത്തിൽ പരിഷത്തിനെ അറിയിച്ചു.

സി.പി. ശ്രീധരനും, ജി.ശങ്കരക്കുറുപ്പും, സുകുമാർ അഴീക്കോടുമെല്ലാം ജനകീയവൽക്കരിച്ച സാഹിത്യ പ്രസ്ഥാനമാണ് സമസ്ത കേരള സാഹിത്യ പരിഷത്ത്. 1975 ൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം കൊടുങ്ങല്ലൂരിൽ നടക്കുന്ന സമയത്ത് സമ്മേളനത്തിന്റെ തലേന്ന് നക്‌സലുകൾ സമ്മേളന പന്തലിനു തീയിട്ടിരുന്നു. സാഹിത്യകാരന്മാർ ഇത്രയേറെ ആർഭാടങ്ങൾ നടത്തേണ്ടെന്ന വാദമായിരുന്നു അന്ന് നക്്‌സലുകൾ ഉന്നയിച്ചത്. ഇന്ന് വീണ്ടും കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയർക്ക് മാത്രമായി പരിഷത്ത് നിലനിൽക്കുന്ന സാഹചര്യം നിർമ്മിക്കപ്പെടുമ്പോഴും പരിഷത്ത് ജനകീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് സദസ്സിൽ ചിലർ അഭിപ്രായപ്പെടുന്നു.