ഡാലസ്: ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയാറാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ 'ആധുനിക വൈദ്യശാസ്ത്ര'ത്തെക്കുറിച്ച് പ്രബന്ധാവതരണവും ചർച്ചയും നടത്തുന്നതായിരിക്കും. അമേരിക്കൻ വൈദ്യശാസ്ത്ര മേഖലയിൽ സുപരിചിത ഭിഷഗ്വരനും അദ്ധ്യാപകനുമായ ഡോ: മോഹൻ മേനോൻ ആയിരിക്കും പ്രസ്തുത വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രമുഖ മലയാളി ഡോക്ടർമാർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതായിരിക്കും. സാഹിത്യ സല്ലാപത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും കൂടുതൽ അറിവ് നേടുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.


തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ 'മതവും ലൈംഗികതയും' എന്ന വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുകയുണ്ടായി. ഈ വിഷയത്തിൽ ശ്രദ്ധേയങ്ങളായ സാഹിത്യരചനകൾ നടത്തിയ ചാക്കോ കളരിക്കൽ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്. 'മതവും ലൈംഗികതയും' എന്ന വിഷയത്തിലേയ്ക്ക് ആഴത്തിൽ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. മലയാള ഭാഷയിൽ അധികമാരും ചർച്ചചെയ്യാത്ത ഈ വിഷയത്തിന് ആധുനിക കാലഘട്ടത്തിൽ സുപ്രധാനമായ ഒരു സ്ഥാനമുണ്ടെന്ന് ചർച്ചകളിലൂടെ വെളിവാക്കപ്പെടുകയുണ്ടായി.