ഷിക്കാഗോ: 2015-ലെ ആദ്യ സാഹിത്യവേദിയായ 185-മത് സാഹിത്യവേദി മാർച്ച് ആറാം തീയതി വൈകുന്നേരം 6.30-ന് കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (2200 S. Elmhurst, MT, Prospect, IL) വച്ച് കൂടുന്നതാണ്. 'വയലാർ രാമവർമ്മയുടെ അനശ്വര കവിതാ ഗാനങ്ങൾ' എന്ന പ്രബന്ധം സാഹിത്യകാരനും, തിരക്കഥാകൃത്തും ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് അമേരിക്കയുടെ കമ്മിറ്റി അംഗവും, സഹിത്യവേദിയുടെ സജീവ അംഗവുമായ അനിലാൽ ശ്രീനിവാസൻ അവതരിപ്പിക്കുന്നതാണ്.

ജനകീയ കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മ അനുസ്മരണത്തോടെയാണ് സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കവിത ആത്മനിഷ്ഠമാണെങ്കിലും ജീവിത പരിസരങ്ങളോട് രാഷ്ട്രീയവും മതവും ചെലുത്തുന്ന സ്വാധീനം, ഇടപെടലുകൾ, സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ, നല്ല ഒരു നാളയെക്കുറിച്ചുള്ള കാല്പനിക സ്വപ്നങ്ങൾ, ചരിത്രം, പുരാണം എന്നിങ്ങനെ വയലാർ കവിതയ്ക്ക് വിഷയമാകാത്തതൊന്നുമില്ലായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മറ്റ് കവികളിൽ നിന്ന് വേറിട്ട തലത്തിലേക്ക് ഉയർത്തുന്നതും.

ഈ സാഹിത്യവേദിയിൽ പങ്കെടുത്ത് വയലാർ രാമവർമ്മയുടെ അനശ്വര കവിതാ ഗാനങ്ങൾ കേട്ട്, ഓർമ്മ പുതുക്കി, പാടി ആസ്വദിച്ച്, ഒരു കവിതാ സായാഹ്നമാക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരേയും സാഹിത്യവേദിയിലേക്ക് സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: അനിലാൽ ശ്രീനിവാസൻ (630 400 9735), ഡോ. റോയ് പി. തോമസ് (630 986 0819), ജോൺ സി. ഇലക്കാട്ട് (773 282 4955).