ആലപ്പുഴ: സായികേന്ദ്രത്തിലെ ആത്മഹത്യാശ്രമക്കേസുമായി ബന്ധപ്പെട്ടു ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ നടത്തിയ തെളിവെടുപ്പിൽ ദുരൂഹത. റിപ്പോർട്ടിൽ തുഴച്ചിൽ കേന്ദ്രത്തിലെ താരങ്ങളുടെ മെസ് സൗകര്യവും താമസസ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങളും മാത്രമെന്നു സൂചന. പീഡനത്തിൽ മനംനൊന്ത താരങ്ങളുടെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് യാതൊന്നും വിവരിക്കാതെ റിപ്പോർട്ട് മുക്കി.

പത്തു ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നു മാദ്ധ്യമ പ്രവർത്തകരെ അറിയിച്ച കമ്മീഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ് സിറിയക്ക് ജോസഫ് രണ്ടുമാസമെത്തിയിട്ടും റിപ്പോർട്ട് സർക്കാരിനോ ആഭ്യന്തര മന്ത്രാലയത്തിനോ കൈമാറിയിട്ടില്ല. മാത്രമല്ല സംഭവത്തിൽ കേരളത്തിനകത്തുനിന്നും കമ്മീഷന് പരാതികൾ ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ച് കമ്മീഷൻ രജിസ്ട്രാർ പുറത്തുവിട്ട ഔദ്യോഗിക രേഖയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

സീനിയർ താരങ്ങളുടെ പീഡനത്തെ തുടർന്ന് കഴിഞ്ഞ മെയ് ആറിനാണ് കേന്ദ്രത്തിലെ നാലു താരങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ ആര്യാട് വില്ലേജിൽ ഇല്ലിക്കൽതറയിൽ രാമഭദ്രന്റെ മകൾ അപർണ (17) മരിക്കുകയും സഹതാരങ്ങളായ ശില്പ, സബിത, ട്രീസ എന്നിവർ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയതു. സംഭവത്തിനുശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിനായി സായിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിയിരുന്നു.

ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ലഭിച്ചതായാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക്ക് ജോസഫ് അന്ന് അറിയിച്ചിരുന്നത്. പക്ഷേ അതൊക്കെ ശുദ്ധനുണയാണെന്നു ആലപ്പുഴ കറുകയിൽ വാർഡിൽ പുത്തൻ പുരയിൽ വീട്ടിൽ ലാൽ തോമസിന് ലഭിച്ച വിവരാവകാശ രേഖയിൽനിന്നു വ്യക്തമാകുന്നു. കമ്മീഷനു മൂന്നു പരാതികൾ മാത്രമാണ് ലഭിച്ചതെന്നും അന്വേഷണറിപ്പോർട്ട് ഇന്നേവരെ സർക്കാർ ഏജൻസിക്ക് കൈമാറിയിട്ടില്ലെന്നും വിവരാവകാശരേഖയിൽനിന്നു വ്യക്തമാണ്. നേരത്തെ താരങ്ങളുടെ ബന്ധുക്കൾ പരാതിയെ കുറിച്ച് കമ്മീഷനോട് അന്വേഷിച്ചപ്പോൾ നൂറു പരാതികൾ ലഭിച്ചെന്നാണ് അറിയിച്ചത്.

മനുഷ്യാവകാശ കമ്മീഷൻ രജിസ്ട്രാർ എ കെ ഗാർഗ് നൽകിയ രേഖയിൽ സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത ത്രിപാഠി താരങ്ങൾക്ക് നാലുകോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കമ്മീഷനുമുമ്പാകെ സമർപ്പിച്ച അഭ്യർത്ഥനയാണ് നൽകിയിട്ടുള്ളത്. ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ തെളിവെടുപ്പിനുശേഷമാണ് സായി ഡയറക്ടർ ജനറൽ തുഴച്ചിൽ കേന്ദ്രത്തിൽ പീഡനം നടന്നിട്ടില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. കമ്മീഷൻ നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ചുവടുപിടിച്ചാണ് ഡയറക്ടർ ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയതെന്ന ആക്ഷേപവും ഉയരുകയാണ്.

മാത്രമല്ല മെയ് ആറിന് നടന്ന സംഭവത്തിൽ ഒരു ദിവസം നേരത്തെ സഹായം വാഗ്ദാനം നടത്തിയതായാണ് രേഖകളിൽ കാണുന്നത്. ഇതിൽനിന്നും സായി കേന്ദ്രത്തിലെ പീഡനത്തെ മറക്കാനും കോലാഹലങ്ങൾ ശമിപ്പിക്കാനുമായി കമ്മീഷനും സായിയുമായി ഉന്നതതല ഗൂഢാലോചന നടത്തിയാണ് തെളിവെടുപ്പ് നടത്തിയതെന്ന് വ്യക്തമാകുന്നതായി താരങ്ങളുടെ ബന്ധുക്കൾ അറിയിച്ചു. കമ്മീഷൻ തെളിവെടുപ്പ് സായി ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം നടന്നതാണെന്ന് ആക്ഷൻ കൗൺസിലും ആരോപിച്ചു. നേരത്തെ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു. പ്രിൻസിപ്പൽ ഡിവൈഎസ്‌പി പാർത്ഥസാരഥിയിൽനിന്നും അഡ്‌മിനിസ്‌ട്രേഷൻ ഡിവൈഎസ്‌പി ഷാജഹാന് ചുമതല കൈമാറിയിരുന്നു.