കൊച്ചി: പ്രേമം എന്ന സിനിമ കണ്ടിറങ്ങിയതോടെ പ്രേക്ഷകർ മനസിൽ സൂക്ഷിച്ച കഥാപാത്രമാണ് സായ് പല്ലവി അവതരിപ്പിച്ച മലർ. അൽഫോൻസ് പുത്രൻ സിനിമയിൽ കരുതിവച്ച സർപ്രൈസ് ആണ് മലർ എന്നാണ് പടം കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടത്. ചിത്രം റിലീസാകുമ്പോൾ ജോർജ്ജിയയിൽ പഠനത്തിലായിരുന്ന സായി പല്ലവി വീണ്ടും കേരളത്തിൽ എത്തി. കേരളത്തിൽ ഊഷ്മള സ്വീകരണമാണ് മലയാളികൾ സായ് പല്ലവിക്ക് നല്കിയത്. ചാനലുകളിലെല്ലാം താരമായിരുന്നു സായ് പല്ലവി. താൻ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ ഇത്രയേരെ ഇഷ്ടപ്പെടുമ്പോൾ എന്തുകൊണ്ടാണ് അതെന്ന് തനിക്ക് അറിയില്ലെന്നാണ് സായി പല്ലവി പറയുന്നത്.

കോയമ്പത്തൂർ സ്വദേശിയായ ജോർജിയയിൽ ആണ് മലർ താമസിക്കുന്നത്. മൂന്നു നായികമാർ ഉണ്ടായിരുന്നിട്ടും സായി പല്ലവി അഭിനയിച്ച മലർ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായത്. സിനിമയുടെ വിജയത്തിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിലും വളരെ സന്തോഷത്തിലാണ് സായി പല്ലവി. തനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് ഈ സിനിമയെന്ന് സായി പല്ലവി പറയുന്നു.

മലരിനെ സ്‌നേഹിക്കുന്നവർക്ക് ഇഷ്ടപ്പെടാത്തതൊന്നും ചെയ്യാൻ സായ് പല്ലവിയും തയ്യാറല്ല. വസ്ത്രധാരണത്തിൽ പോലും ശ്രദ്ധ ചെലുത്തി തുടങ്ങിയെന്നും സായ് പല്ലവി പറയുന്നു. മലരിനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം അൽഫോൻസ് പുത്രൻ മാത്രമാണെന്നും പല്ലവി പറയുന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് സായ് പല്ലവി. തന്റെ ഇഷ്ടങ്ങളെല്ലാം അൽഫോൻസ് മലരിന്റെയും ഇഷ്ടങ്ങളാക്കി. അതുകൊണ്ട് മലരാകുക എളുപ്പമായിരുന്നു.സിനിമയിൽ അഭിനയിക്കുമ്പോൾ ഇത്രമേൽ ഇഷ്ടമാകുമോ എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സായി പല്ലവി അഭിപ്രായപ്പെടുന്നു. എന്നാൽ, അൽഫോൻസായിരുന്നു ധൈര്യം നൽകിയത്. ചിത്രത്തിൽ അഭിനയിക്കുകയായിരുന്നില്ലെന്നും നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളോട് പ്രതികരിക്കുക മാത്രമായിരുന്നെന്നും പല്ലവി പറഞ്ഞു.

പ്രേമം സിനിമയിലെ ഷൂട്ടിംഗിന് ശേഷം മലർ വീണ്ടും യുസി കോളജിൽ എത്തിയിരുന്നു. സിനിമ ചിത്രീകരിച്ച അതേ സ്ഥലത്ത് നടിയുമായുള്ള അഭിമുഖം ചിത്രീകരിക്കാൻ സ്വകാര്യ ചാനലാണ് നടിയെ കൊണ്ടുവന്നത്. കോളജിന് അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു. കേട്ടറിഞ്ഞു നാട്ടുകാരെത്തിയിരുന്നു. അഭിമുഖം കഴിഞ്ഞ് ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ സായ് പല്ലവി ഒരു മണിക്കൂർ നിന്നുകൊടുത്തു.

തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ ജനിച്ചു കോയമ്പത്തൂരിൽ വളർന്ന സായ് പല്ലവി ജോർജിയയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. നർത്തകിയും മോഡലുമായ സായ് ആലുവക്കാരനായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സിനിമാലോകത്തു ശ്രദ്ധിക്കപ്പെട്ടത്. ഓഗസ്റ്റ് പത്തിനു സായ് പല്ലവി വീണ്ടും ആലുവയിൽ വരും. അൻവർ സാദത്ത് എംഎൽഎ സെന്റ് മേരീസ് ഹൈസ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന, വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി.