- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോവിഡ് ലക്ഷണമുണ്ടെന്ന് അറിയിച്ചു'; ചോദ്യം ചെയ്യലിന് ഹാജരായില്ല; ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സായ് ശങ്കർ ഒളിവിൽ?; ഐമാക്കിൽ ലോഗിൻ ചെയ്തത് ഭാര്യയുടെ ഐഡിയിൽ നിന്ന്; ക്രൈംബ്രാഞ്ച് സംഘം എസയെ ചോദ്യം ചെയ്യുന്നു
കൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടിൽവച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ സായി ശങ്കറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
കേസിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം സായി ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കോവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോവിഡ് പരിശോധനാഫലം അടക്കം ഹാജരാക്കിയില്ല. ഇയാളെ കുറിച്ച് നിലവിൽ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.
ദിലീപിന്റെ ഐഫോൺ സായ് ശങ്കറിന്റെ ഐ മാക്കിൽ കണക്ടു ചെയ്താണ് വിവരങ്ങൾ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ഐമാക്കിൽ ലോഗിൻ ചെയ്തത് സായ്യുടെ ഭാര്യ എസയുടെ ലോഗിൻ ഐഡിയിൽ നിന്നാണ്. ഈ കാരണം കൊണ്ടാണ് ഇപ്പോൾ എസയെ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം നാല് മൊബൈൽ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാൽ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
രണ്ട് മൊബൈൽ ഫോണുകളിൽ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബിൽ വച്ചാണ്. മറ്റ് രണ്ടെണ്ണം സൈബർ വിദഗ്ദൻ സായി ശങ്കറിന്‌റെ സഹായത്തോടെ കൊച്ചിയി വച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
അഭിഭാഷകൻ ബി രാമൻപിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, ഒരു ലോഡ്ജ് എന്നിവിടങ്ങളിൽ വച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച സായിശങ്കറിന്‌റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡസ്‌ക്ട് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡിൽ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേസിലെ പ്രതിയായ ദിലീപിന്റെ മൊബൈൽഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചത്.വധഗൂഢാലോചനക്കേസിൽ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു. 2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.
കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും ഇയാൾ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസിൽ പ്രതിയാക്കുമെന്ന സൂചനകൾക്കിടെയാണ് ഇയാൾ മുങ്ങിയത്.
സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച് ഐ മാക് ലാപ് ടോപ് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങൾ സായ്ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിർണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
തെളിവുകൾ നശിപ്പിക്കാൻ ദിലീപ് നൽകിയ ഫോണുകളിൽ നിന്നും മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങൾ സായ്ശങ്കർ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ