കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കരിന്റെ സഹായത്തോടെയാണെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം ദിലീപിന്റെ അഭിഭാഷകർ വഞ്ചിച്ചെന്ന ആരോപണം പ്രതി ഹാക്കർ സായ് ശങ്കർ ഉന്നയിച്ചരുന്നു. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയെന്ന പേരിൽ തന്റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകർ എഴുതിച്ചേർത്ത കള്ളപ്പരാതിയാണിതെന്നും സായ് ശങ്കർ പറഞ്ഞു.

വധഗൂഢാലോചന കേസിൽ കസ്റ്റഡിയിലായതിനു ശേഷം ആലുവ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് വന്നപ്പോഴാണ് പ്രതികരണം. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പൊലീസിന് കീഴടങ്ങിയത്. ദിലീപ് ഒന്നാം പ്രതിയായ വധഗൂഡാലാചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് സായ് ശങ്കറിന്റെ മൂൻകൂർ ജാമ്യ ഹർജിയിൽ ആരോപണമുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിർബന്ധിച്ചുവെന്നായിരുന്നു ആരോപണം. ദിലീപിന്റെ ഫോണിലെ ഫോട്ടോകൾ അടക്കമുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി.

നേരത്തെ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കുകയായിരുന്നു. ഇതേത്തുടർന്ന് കേസിൽ സായ് ശങ്കരിനെ ഏഴാം പ്രതിയായി ചേർത്തിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിന്റെ അഭിഭാഷകർക്കെതിരെ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന ഒന്നാണ്. വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യം നൽകാനാണ് സാധ്യത. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സായ് ശങ്കറിനെ ആ കേസുകളിലും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.