തിരുവനന്തപുരം: മലയാളത്തിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് സൈജു കുറുപ്പിന്റെ സ്ഥാനം. ലഭിക്കുന്ന ചെറിയ വേഷങ്ങൾ പോലും തന്റേതായ രീതിയിൽ സൈജു വ്യത്യസ്തനാക്കും. ഹാസ്യവും വില്ലനും നായക വേഷവുമെല്ലാം അദ്ദേഹത്തിന് ചേരും. നായകനായി എത്തിയ താരം ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനിടെ തന്റെ കരിയറിൽ പുതിയ ചുവടുവച്ചിരിക്കുകയാണ് താരം. ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചിരിക്കുകയാണ് സൈജു.

ഇൻസ്റ്റഗ്രാമിലൂടെയാണ് സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ച് താരം വ്യക്തമാക്കിയത്. സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. സീരിയലിന്റെ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് സൈജു പറയുന്നത്. ഇത് അറിഞ്ഞാൽ തന്റെ അമ്മയ്ക്കായിരിക്കും ഏറ്റവും സന്തോഷമെന്നും താരം പറയുന്നു.

ടിവി സീരിയലിന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ ടിവിയിലെ ഒരു എപ്പിസോഡിൽ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആ?ഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എന്റെ ആ?ഗ്രഹം യാഥാർഥ്യമായി. എപ്പിസോഡ് വൈകാതെ നിങ്ങൾക്കെത്തും. ഇത് അറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും- സൈജു കുറുപ്പ് കുറിച്ചു.