- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങും കോട്ടയത്ത് കിച്ചൺവെയർ ഷോപ്പും; ആഡംബരകാറുകളോട് ഏറെ ഭ്രമമുള്ള 38കാരൻ 10 വർഷമായി ഉപയോഗിച്ചത് ഔഡി എഫോർ; ആഡംബര ജീവിതം നയിക്കുമ്പോഴും സഹജീവികളോട് സഹാനുഭൂതി; മിസ് കേരളയ്ക്ക് പിന്നാലെ പാഞ്ഞതും ഉന്നത സൗഹൃദമുള്ള കൊച്ചിക്കാരൻ; സൈജു തങ്കച്ചൻ പ്രതിയാകുമോ?
കൊച്ചി: മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പിന്നാലെ എത്തിയ ഔഡി കാർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കെ.എൽ.40 ജെ 3333 എന്ന നമ്പറിലുള്ള കാർ ഓടിച്ചിരുന്നതുകൊച്ചിയിലെ പ്രമുഖ ഇന്റീരിയർ ഡിസൈനറായ സൈജു തങ്കച്ചനായിരുന്നു. സൈജു ഇവരുമായി തർക്കമുണ്ടായെന്നും അപകടം നടന്നപ്പോൾ അവിടെ കാർ നിർത്തി നോക്കിയ ശേഷം കടന്നു പോയി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് സൈജുവിനെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തു.
സൈജു 38 വയസ്സുള്ള അവിവാഹിതനാണ്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങും കോട്ടയത്ത് കിച്ചൺവെയർ ഷോപ്പും നടത്തുകയാണ്. സൈജുവിന്റെ സഹോദരങ്ങൾ അമേരിക്കയിൽ സ്ഥിരതാമസമാണ്. നാട്ടിൽ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളയാളുമാണ്. ആഡംബര ജീവിതമാണ് നയിക്കുന്നതെങ്കിലും സഹ ജീവികളോട് സഹാനഭൂതിയോടെയാണ് പെരുമാറുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തിട്ടുണ്ട്.
ആഡംബരകാറുകളോട് ഏറെ ഭ്രമമുള്ള സൈജു 10 വർഷമായി ഔഡി എഫോർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് ഔഡി എസിക്സ് ഇടപ്പള്ളി സ്വദേശിയായ ഫെബി പോളിൽ നിന്നും വാങ്ങുന്നത്. മുഴുവൻ പണവും നൽകാൻ ഇല്ലാത്തതിനാൽ 7 ലക്ഷം രൂപ കൂടി വായ്പ എടുത്താണ് കാർ സ്വന്തമാക്കിയത്. ലോൺ ലഭിക്കാൻ സിബിൽ സ്കോർ തടസമായപ്പോൾ ഫെബി പോളുമായി ഒരു ഉടമ്പടി വച്ച ശേഷം ഫെബി പോളിന്റെ പേരിൽ ലോൺ എടുക്കുകയായിരുന്നു.
ഏഴ് ലക്ഷം രൂപയ്ക്ക് 32,000 രൂപയാണ് മാസം ലോൺ തുക അടയ്ക്കേണ്ടത്. ഈ തുക മുടങ്ങിയാൽ കാർ ഫെബി പോളിന്റെ പേരിലാകും എന്ന തരത്തിലായിരുന്നു കരാർ. കഴിഞ്ഞ വർഷമാണ് കാർ വാങ്ങിയത്. ഒരു തവണ പോലും സൈജു ഇത് മുടക്കിയതുമില്ല. താനും സൈജുവുമായുള്ളത് പ്രൊഫഷണൽ ബന്ധമാണെന്ന് ഫെബി പോളും സമ്മതിച്ചിട്ടുണ്ട്. തന്റേയും സൈജുവിന്റേയും കുടുംബങ്ങൾ തമ്മിലും ബന്ധമുണ്ടെന്നും ഫെബി പോൾ കൂട്ടിച്ചേർക്കുന്നു. അതിവേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന മാന്യമായ സ്വഭാവമാണ് സൈജുവിന്റേതെന്നും ഫെബി പറയുന്നു.
സൈജു ഒരിക്കലും ഇത്തരം കേസിൽപെടാൻ സാധ്യതയില്ലെന്നാണ് സുഹൃത്തുക്കളുടെ വിശ്വാസം. ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുമെങ്കിലും മറ്റൊരു തരത്തിലും അനാവശ്യ ഇടപാടുകളിലേക്ക് പോകില്ല. കാരണം ബിസിനസ് രംഗത്ത് നിൽക്കുന്നതിവാൽ അത് വലിയ രീതിയിൽ ബാധിക്കും. അക്കാര്യം കൃത്യമായി ശ്രദ്ധിക്കുന്നയാളായിരുന്നു.
അവരോട് സംസാരിച്ചു എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ കാണില്ല എന്ന വിശ്വാസത്തിലാണ് സുഹൃത്തുക്കൾ. എങ്കിലും ഏതെങ്കിലും തരത്തിൽ തെളിവുകൾ എതിരാവുകയാണെങ്കിൽ ഒപ്പം നിൽക്കില്ലെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. കൊച്ചിയിലെ ഉന്നത് പൊലീസുകാരുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ളയാളാണ്. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദ്ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന സംശയം പൊലീസിനുണ്ട്.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്.
എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.