കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി. തടവിൽ നിന്ന് ഓടിരക്ഷപെട്ടെന്ന് സൈജു പറഞ്ഞു. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. രണ്ടുപേർക്കെതിരെ കേസെടുത്തു. ഒരാൾ അറസ്റ്റിലായി എന്നാണ് സൂചന. മോഡലുകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലാണ് സൈജു. നിരവധി മയക്കുമരുന്ന് കേസുകളും സൈജുവിനെതിരെ ഉണ്ട്.

മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പിന്നാലെ അന്വേഷണമാണ് സൈജുവിനെ കുടുക്കിയത്. കെ.എൽ.40 ജെ 3333 എന്ന നമ്പറിലുള്ള കാർ ഓടിച്ചിരുന്നതുകൊച്ചിയിലെ പ്രമുഖ ഇന്റീരിയർ ഡിസൈനറായ സൈജു തങ്കച്ചനായിരുന്നു. സൈജു ഇവരുമായി തർക്കമുണ്ടായെന്നും അപകടം നടന്നപ്പോൾ അവിടെ കാർ നിർത്തി നോക്കിയ ശേഷം കടന്നു പോയി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. സൈജു അറസ്റ്റിലായി. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും കുടുങ്ങി. ഇതിന് പിന്നാലെ അഞ്ജലിയെന്ന യുവതിയുമായി ബന്ധപ്പെട്ടും വിവാദം വന്നു. പോക്‌സോ കേസും രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകൽ കേസ്.

സൈജു 38 വയസ്സുള്ള അവിവാഹിതനാണ്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങും കോട്ടയത്ത് കിച്ചൺവെയർ ഷോപ്പും നടത്തുകയാണ്. സൈജുവിന്റെ സഹോദരങ്ങൾ അമേരിക്കയിൽ സ്ഥിരതാമസമാണ്. നാട്ടിൽ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളയാളുമാണ്. ആഡംബര ജീവിതമാണ് നയിക്കുന്നത്.