കൊച്ചി: സൈജു തങ്കച്ചൻ ഉപയോഗിച്ചിരുന്ന പഞ്ച നക്ഷത്ര സംവിധാനമുള്ള ഔഡി കാർ വേശ്യാലയത്തിന് ഉടമ വനിതാ ഡോക്ടറോ? സൈജു തങ്കച്ചന്റെ റിമാൻഡ് റിപ്പോർട്ടിൽ വനിതാ ഡോക്ടറെ കുറിച്ച് പറയുന്നുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇവരുടെ പേരും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇതിനൊപ്പം പൊലീസ് നൽകിയിരിക്കുന്ന ഫോൺ നമ്പറും പഞ്ചനക്ഷത്ര ഔഡിക്കാറിലെ ഉടമയുടേതായി കൊടുത്തിരിക്കുന്ന നമ്പറും ഒന്നാണ്. ഇതിൽ നിന്നും രണ്ടു പേരും ഒന്നാണെന്ന നിഗമനത്തിൽ എത്താം. അപ്പോഴും ദുരൂഹതകളും നിഗൂഡതകളും ഏറെയാണ്.

മോഡലുകളുടെ മരണം സംഭവിച്ചപ്പോൾ തന്നെ ഈ കാറിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണം മറുനാടൻ നടത്തിയിരുന്നു. ഇതിൽ ആരുടെ പേരിലാണ് കാറെന്നും വ്യക്തമായി. ഫോൺ നമ്പറും കിട്ടി. ഈ കാറിന്റെ ഉടമ ഫെബി പോളായിരുന്നു. വനിതയാകും കാറിന്റെ ഉടമയെന്നും വിലയിരുത്തലെത്തി. ആ നമ്പറിലേക്ക് മറുനാടൻ വിളിക്കുകയും ചെയ്തു. എന്നാൽ ഫോൺ എടുത്തത് ആൺ ശബ്ദമായിരുന്നു. സൈജു തങ്കച്ചൻ നിരപരാധിയും നിഷ്‌കളങ്കനുമാണെന്ന് ആ ആൺ ശബ്ദം പറഞ്ഞു. കാർ തന്റേതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനോടൊപ്പം മാതൃഭൂമിയിലും ഇയാളുടെ അഭിമുഖമെത്തി. ഇതോടെ ഔഡി കാറിന്റെ ഉടമ പുരുഷനായ ഫെബി പോളാണെന്ന് ഏവരും കരുതി.

എന്നാൽ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഔഡികാറുടമയായി പറയുന്നത് ഫെബി ജോണിനെയാണ്. ഫെബി ജോണും സിജോയും സുഹൃത്തുക്കളാണെന്നും കാക്കനാട് ഡിഎൽഎഫ് ടവറിന്റെ പി ടവറിൽ പാർട്ടി നടന്നെന്നും പറയുന്നു. ഈ പാർട്ടിയിൽ ആഷ് കള്ളർ ധരിച്ച് കണ്ണാടി ഉപയോഗിക്കുന്ന സ്ത്രീ ഡോക്ടറാണ് എന്നും സൈജുവിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഫോൺ നമ്പറും കൊടുക്കുന്നു. ഈ ഫോൺ നമ്പറും കാറിന്റെ ഉടമയുടെ രജിസ്‌ട്രേഷൻ നമ്പറും ഒന്നാണ്. ഇതിൽ നിന്നാണ് ഈ ഡോക്ടറാണോ കാറിന്റെ ഉടമയെന്ന സംശയം വീണ്ടും സജീവമാകുന്നത്.

അതായത് അപകടം നടന്ന ഉടൻ തന്നെ ഈ ഫോൺ നമ്പർ ഒരു പുരുഷന്റെ കൈയിലെത്തുകയും ചെയ്തു. ഫെബി ജോണും ഫെബി പോളും തമ്മിലെ ബന്ധമാണ് ഇനി അറിയേണ്ടത്. ഇക്കാര്യങ്ങളൊന്നും പൊലീസ് പുറത്തു വിടുന്നുമില്ല. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്മെയിൽ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ബ്ലാക് മെയിൽ ചതി അറിയാവുന്നതു കൊണ്ടാണ് മോഡലുകൾ അതിവേഗതയിൽ കാറിൽ പാഞ്ഞത്. ഇതാണ് അപകടമായി മാറിയത്.

മോഡലുകളുടെ അപകടമരണക്കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടന്നിരുന്നു. ലഹരിപാർട്ടികൾ നടന്നതായി വെളിപ്പെടുത്തിയ ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്താൻ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

സൈജു തങ്കച്ചന്റെ മൊബൈൽഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ ഫ്‌ളാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. ലഹരിപാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികൾ അടക്കം 17 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിലുള്ള ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരിൽ പലരുടേയും മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. കൊച്ചി കമ്മീഷണറേറ്റിന് കീഴിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ 9 കേസുകൾ എടുത്തിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവൽ പൊലീസും സൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വനംവകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സൈജുവിന്റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ സൈജു മയക്കുമരുന്ന് പാർട്ടി നടത്തിയ കേസും ഇതിലുൾപ്പെടും.വീഡിയോ ദൃശ്യങ്ങളിൽ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. മൂന്ന് പേർ മാത്രമാണ് ഇത് വരെ മൊഴി നൽകാനെത്തിയത്. ഇനിയും ഹാജരായില്ലെങ്കിൽ ഇവർക്ക് ക്രിമിനൽ നടപടിച്ചട്ട പ്രകാരം നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.

സൈജു കൈവശം വെക്കുന്ന ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു. കാറിൽ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും ഉണ്ടായിരുന്നു. കിടക്കയും ഡിജെ പാർട്ടിക്ക് വേണ്ട സംഗീത സംവിധാനവും ഉണ്ടായിരുന്നു. ഇതെല്ലാം വിഐപികൾക്ക് നഗരം ചുറ്റി പെൺകുട്ടികളെ ഉപയോഗിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു. വൻ തുകയാണ് ഔഡിയിലെ ലഹരി ആസ്വാദനത്തിന് ഇയാൾ വാങ്ങിയിരുന്നത്. സിനിമാക്കാർ അടക്കം ഈ സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

ഭീഷണി വീഡിയോകൾ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാൾക്ക് പങ്കുണ്ട്. നമ്പർ 18 ഹോട്ടലിൽ എത്തിയ മോഡലുകളേയും ഇയാൾ ഭീഷണിപ്പെടുത്തി. അഫ്റ്റർ പാർട്ടിക്ക് പങ്കെടുക്കാൻ നിർബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഒക്ടോബർ 31നു രാത്രി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാർട്ടി അവസാനിക്കും മുൻപ് ഇവർ കാറിൽ പുറത്തേക്കു പോയത്. ഇവരെ പിന്തുടർന്ന സൈജു കുണ്ടന്നൂരിനു സമീപം കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിൻതുടർന്നപ്പോഴാണു കാറിന്റെ വേഗം വർധിപ്പിച്ചത്. പീഡന ലക്ഷ്യത്തോടെയായിരുന്നു സൈജുവിന്റെ ഭീഷണികൾ.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.