- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈജുവിനെ തട്ടിക്കൊണ്ട് പോയത് പണമുണ്ടെന്ന് കരുതി; മറ്റ് കേസുകളുമായി ബന്ധമില്ലെന്ന് പൊലീസ്; പോക്സോ കേസിൽ പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ട്; അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ സംഘം
കൊച്ചി: ഹോട്ടൽ നമ്പർ 18 പോക്സോ കേസിൽ പ്രതികളുടെ അറസ്റ്റ്് അനിവാര്യമെന്ന് പൊലീസ്. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിൽ പൊലീസ് എത്തുന്നത്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.
നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതിനിടെ, സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രണ്ടുപേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. ഈ സംഭവത്തിന് മറ്റുകേസുകളുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൈജുവിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന് കരുതി പ്രാദേശികമായി പ്രവർത്തിക്കുന്ന ചില ക്രിമിനലുകളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. ബാക്കിയുള്ള ആറുപേരെ കൂടി പിടികൂടിയാലേ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് തന്നെ തട്ടിക്കൊണ്ടുപോയതായി സൈജു തങ്കച്ചൻ മുനമ്പം പൊലീസിൽ പരാതി നൽകിയത്. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽനിന്നാണ് സൈജുവിനെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തടവിൽനിന്ന് താൻ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും സൈജു പരാതിയിൽ പറഞ്ഞിരുന്നു.
16-ന് രാവിലെയാണ് സൈജുവിനെ രണ്ടുപേർ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാളെ പരിചയമുണ്ടെന്ന് സൈജു പറഞ്ഞു. മറ്റേയാളെ തിരിച്ചറിയാനായിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സൈജു തങ്കച്ചൻ നിലവിൽ ജാമ്യത്തിലാണ്. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിലും കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലും പ്രതിയാണ് സൈജു തങ്കച്ചൻ. മോഡലുകളുടെ മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും.
പ്രേരണക്കുറ്റം, മനപ്പൂർവമല്ലാത്ത നരഹത്യ. തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ഉള്ളത്.നവംബർ ഒന്നിന് രാത്രി നമ്പർ 18 ഹോട്ടലിൽ നിന്ന് മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറിയത്. സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, അജ്ഞലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ