- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ; റോയ് വയലാട്ട് നശിപ്പിച്ചിട്ടും തെളിവുകൾ പൂർണ്ണമായും ഇല്ലതായില്ല; സൈജു ലഹരിക്ക് അടിമ; അപകട കാരണം ചെയ്സിങ് തന്നെ
കൊച്ചി: കൊച്ചിയിൽ കാർ അപകടത്തിൽ മോഡലുകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് പൊലീസ്. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുന്നത് പരിഗണനയിലുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കേസ് അന്വേഷണത്തിൽ ഡിജിപി അനിൽകാന്ത് നേരിട്ട് ഇടപെട്ടതാണ് നിർണ്ണായകമായത്. ഇതോടെയാണ് സൈജു അടക്കമുള്ളവർക്കെതിരെ കൊച്ചി പൊലീസ് ധൈര്യസമേതം മുമ്പോട്ട് പെയതും.
മോഡലുകളുടെ കാറിനെ സൈജു പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. ഡിജെ പാർട്ടികളിൽ സൈജു എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നുവന്നും കമ്മീഷർ വിശദീകരിച്ചു. ഇതോടെ നമ്പർ 18 ഹോട്ടലിനെതിരെ കേസെടുക്കേണ്ട സാഹചര്യമാണുള്ളത്. ലഹരി ഉപയോഗം ഈ ഹോട്ടലിൽ നടന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സൈജു കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഇതോടെ നമ്പർ 18 ഹോട്ടലുടമയ്ക്കെതിരെ എന്തു നടപടി പൊലീസ് എടുക്കുമെന്നത് നിർണ്ണായകമാണ്. ആദ്യം കേസിൽ അട്ടിമറികൾ നടന്നിരുന്നു. പൊലീസിലെ പലരും ആരോപണ വിധേയരുമായി. ഇതിനിടെയാണ് പൊലീസ് മേധാവി അനിൽകാന്ത് വിഷയത്തിൽ ഇടപെട്ടത്. അവധിയിലായിരുന്ന കമ്മീഷണർ തിരികെ ജോലിക്കെത്തിയതോടെ അന്വേഷണം നേരായ വഴിയിലുമായി.
താമസിയാതെ തന്നെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ കേസിൽ പ്രതിയാക്കി. നിർണ്ണായക തെളിവൊന്നും ഇല്ലാത്തതിനാൽ അയാൾക്ക് ജാമ്യവും കിട്ടി. ഇതിനിടെയാണ് സൈജുവിനെ കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെ തെളിവുകൾ പുറത്തു വന്നു. സൈജു സത്യം പറയാനും തുടങ്ങി. ഇയാൾ ലഹരിമാഫിയയിലെ കണ്ണിയാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇപ്പോൾ കൊച്ചി പൊലീസും സ്ഥിരീകരിക്കുകയാണ്. സൈജുവിന്റെ ഫോൺ പരിശോധനയിൽ നിർണ്ണായകമാവുകയും ചെയ്തു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ചു. പാർട്ടികളിൽ പങ്കെടുക്കാൻ വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദേശത്തിൽ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഔഡി കാറിൽ നിന്നും ഉപയോഗിച്ച വില കൂടിയ ഇനം ഗർഭനിരോധന ഉറകളുടെ ഒരു ഡസൻ കവറുകൾ, ഉപയോഗിക്കാത്ത ഗർഭനിരോധന ഉറകൾ, ഡിജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകൾ, പെഗ് മെഷറും ഗ്ലാസുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക എന്നിവ കണ്ടെത്തി.
കാക്കനാട് രാജഗിരി വാലിയിലെ ലാവൻഡർ അപ്പാർട്ട്മെന്റിൽനിന്നു ഞായറാഴ്ചയാണ് പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൃശൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപയ്ക്കാണ് സൈജു കാർ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാർ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു വെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണർ പറഞ്ഞു.
സൈജു നേരത്തെ പല പെൺകുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവർ പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടർന്നത്. ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണർ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് ഒട്ടേറെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടർന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയിൽ തന്നെ നിർത്താനായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടർന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ മദ്യലഹരിയിലായതിനാൽ വാഹനവുമായി പോകേണ്ടെന്ന് പറയാനാണ് അവരെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചൊവ്വാഴ്ച സൈജുവിനെ കോടതിയിൽ ഹാജരാക്കും. മൂന്നുദിവസത്തേക്ക് നേരത്തെ കസ്റ്റഡി അനുവദിച്ചിരുന്നത്. അതിനിടെ, അപകടമരണ കേസുമായി ബന്ധപ്പെട്ട് മോഡലുകളുടെ ബന്ധുക്കൾ വീണ്ടും പൊലീസിനെ കാണുമെന്നും വിവരങ്ങളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ