കല്പറ്റ: ബ്ലൂ വെയിൽ ഗെയിംകളിച്ച് ആത്മഹത്യയിലേക്ക് എടുത്ത് ചാടിയവർ ഏറെയാണ്. ബോധവൽകരണത്തിലൂടെ ഈ സാമൂഹിക വിപത്തിനെ കേരളം അതിജീവിച്ചു. ഇപ്പോഴിതാ പുതിയൊരു സോഷ്യൽ മീഡിയാ ഗ്രൂപ്പ് കൂടി പ്രശ്‌നങ്ങളുണ്ടാക്കുന്നു. കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ സാമൂഹികമാധ്യമങ്ങളിലെ 'മരണപ്പേജുകൾ' കാരണമാകുന്നുവെന്നാണ് സൂചന. സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ വയനാട്ടിൽ ആത്മഹത്യചെയ്തതോടെയാണ് സംശയങ്ങൾ സജീവമാകുന്നത്.

ആത്മഹത്യചെയ്ത രണ്ടു പേരുൾപ്പെടെ 15 കുട്ടികളാണ് 'സൈക്കോ ചെക്കൻ' എന്ന ഇൻസ്റ്റാഗ്രാം പേജിനെ പിന്തുടർന്നത്. ഇതിൽ രണ്ടു പേരാണ് മരിച്ചത്. ബാക്കിയുള്ളവർ പൊലീസ് നിരീക്ഷണത്തിലും. ജീവിതത്തോടുള്ള നിഷേധ മനോഭാവവും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കവുമാണ് ഈ പേജിലുള്ളത്. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹൃത്തുക്കളായ രണ്ടു കൗമാരക്കാരാണ് ഒരു മാസത്തെ വ്യത്യാസത്തിൽ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തത്. ഇതാണ് അന്വേഷണത്തിനും സൈക്കോ ചെക്കൻ ഗ്രൂപ്പിലേക്കും എത്തിയത്. മരിക്കുന്നതിനുമുമ്പ് രണ്ടുപേരും ആത്മഹത്യയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ സ്റ്റാറ്റസിടുകയും സുഹൃത്തുക്കൾക്ക് മെസേജ് അയക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ് (17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ഇരുവരുടെയും വിയോഗത്തിനു ശേഷം, ഇവരുടെ കൂട്ടുകാരിൽ ചിലർ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്.

കൂട്ടുകാരൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ 'പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നാണ് രണ്ടാമൻ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, 'ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ' എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. മുഹമ്മദ് ഷെബിൻ മരിക്കുന്നതിന് ഒരാഴ്ച മുൻപ് പനമരം സ്വദേശിയായ വിദ്യാർത്ഥി കട്ടാക്കാലൻ മൂസയുടെ മകൻ നിസാം (16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച് പെൻ ഉപയോഗിച്ച് 5 പേരുകൾ ചുമരിൽ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ. ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നു. ഇതും സംശയത്തിന് ഇട നൽകുന്നു.

മരിച്ച മൂന്നു പേരും ഫോളോ ചെയ്തിരുന്ന വിവിധ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് പേജുകളാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഇത്തരം പേജുകൾക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ജീവനൊടുക്കിയ കൗമാരക്കാരുടെ സാമൂഹികമാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് വിവിധ പേജുകൾ കണ്ടെത്തിയത്. സൈക്കോ ചെക്കൻ, ആത്മാവ് സോൾ അഡിക്ടർ തുടങ്ങിയ പേരുകളിലുള്ള നിരവധി പേജുകളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്നത്. ഈ പേജുകളെല്ലാം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇതിന് പിന്നിൽ മയക്കുമരുന്ന ലോബിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. വിഷാദത്തിലേക്ക് കുട്ടികളെ തട്ടിവിച്ച് ലഹരിക്കച്ചവടം പൊടിപൊടിപ്പിക്കാനാണ് നീക്കം.

17 വയസ്സുകാരാണ് ഈ ഗ്രൂപ്പുകളിലുള്ള കുട്ടികൾ അധികവും. ജീവനൊടുക്കുംമുന്പ് ഇവർ കൂട്ടുകാർക്ക് വിരുന്ന് നൽകിയിരുന്നു. നിരാശയാണ് പൊതുവികാരം. ജീവിതവിരക്തിയും മരണത്തോടുള്ള പ്രണയവും ദൈവത്തെക്കാൾ സാത്താന് പ്രാമുഖ്യം നല്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇവിടെ സജീവം. ലഹരി വിശുദ്ധവത്കരിക്കുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ഈ കുട്ടികൾ ഓൺലൈൻ ബിസിനസുകൾ വഴിയാണ് പണം കണ്ടെത്തുന്നത്. വീട്ടിലും വിദ്യാലയങ്ങളിലും നല്ല കുട്ടികളായിതന്നെയാണ് ജീവിക്കുന്നത്. മരിച്ചവർ തൂങ്ങിമരിക്കാൻ കഴുത്തിലിട്ട കുരുക്കുപോലും തയ്യാറാക്കിയത് വിദഗ്ധമായാണ്.

പാട്ടുകേട്ടാണ് രണ്ട് പേരും തൂങ്ങി മരിച്ചത്. ഇവർ പിന്തുടർന്നിരുന്ന 'സൈക്കോ ചെക്കൻ' പേജിൽ ഏകാന്തതയോടും മരണത്തോടുമുള്ള പ്രണയത്തിന്റെ സൂചനകളുണ്ട്. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആൽബങ്ങളുടെ ആരാധകരായിരുന്നു ഇവർ. ആത്മഹത്യാ പ്രേരണാഗാനമായി കരുതപ്പെടുന്ന 'ഗ്ലൂമി സൺഡേ' തുടങ്ങിയ ഗാനങ്ങൾ ജീവനൊടുക്കിയ രണ്ടുകുട്ടികളും പിന്തുടർന്നിരുന്നു. ഹംഗറിക്കാരനായ റെസോഷെരഷ് 1933-ൽ ചിട്ടപ്പെടുത്തുകയും കവി ലെയ്സിയോ ജെയ്വോൻ തീവ്രമായ വാക്കുകളിൽ മാറ്റിയെഴുതുകയുംചെയ്ത പാട്ടാണിത്. യൂറോപ്പിൽ ഒട്ടേറെ പേരെ ഗ്ലൂമി സൺഡേ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ടിന് പല രാജ്യങ്ങളും വിലക്കുകയും ചെയ്തു.

കുട്ടികളിൽ പലരും നിരന്തരം വയനാടിനു പുറത്തേക്കു നടത്തിയിരുന്ന യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വയനാട്ടിൽ അടുത്തിടെ കൗമാരക്കാർ ഉൾപ്പെട്ട ബൈക്കപകടങ്ങളും ആത്മഹത്യാശ്രമമാണെന്ന സംശയവും ഇതോടെ ഉയർന്നുതുടങ്ങിയിട്ടുണ്ട്. ചില ഗെയിമുകളിലെ ടാസ്‌കുകൾ പൂർത്തിയാക്കാൻ പ്രത്യേക താളത്തിൽ പാട്ടുകേട്ട് അതിവേഗത്തിൽ ബൈക്കുകൾ ഓടിച്ചവരാവാം അപകടങ്ങളിൽപ്പെട്ടതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ അതിവേഗത്തിൽ പോവുന്ന തങ്ങളുടെ ചിത്രങ്ങൾ ഇവരിൽ പലരും സ്റ്റാറ്റസ് ആയി പോസ്റ്റു ചെയ്തിട്ടുണ്ട്.

ഹൊറർ ചിത്രങ്ങളും ഇവർ പിന്തുടരുന്നുണ്ട്. മരണത്തോടുള്ള പേടിയില്ലായ്മയാണ് ഇവർ ഇതിലൂടെ വ്യക്തമാക്കുന്നത്. 17 വയസ്സിൽ താഴെയുള്ള ഈ കുട്ടികൾക്കെല്ലാം സ്മാർട്ട് ഫോണും 100 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളുമുണ്ട്. മൊബൈൽ ഫോണാണ് ഇവരുടെ ഏറ്റവും അടുത്ത ആശ്രയമെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.