വിശ്വാസികൾ നൽകുന്ന സാക്ഷ്യങ്ങളാണ് വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്. മെക്‌സിക്കോയിലെ വിശുദ്ധ ബാലിക മരിച്ച് 300 വർഷത്തിനുശേഷം കണ്ണുചിമ്മിയെന്ന സാക്ഷ്യവും അത്തരത്തിൽ വിശ്വാസികളെ സ്വാധീനിക്കും. ആദ്യകുർബാന സ്വീകരിച്ചതിന് അച്ഛൻ കുത്തിക്കൊന്നതിന് പിന്നീട വിശുദ്ധയാക്കപ്പെട്ട സാന്റ ഇന്നസെൻഷ്യ (സെന്റ് ഇന്നസെന്റ്)യുടെ മൃതദേഹം കണ്ണുചിമ്മിയെന്നാണ് സഞ്ചാരിയുടെ സാക്ഷ്യപ്പെടുത്തൽ.

മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലിലാണ് സാന്റ ഇന്നസെൻഷ്യയുടെ മൃതദേഹമുള്ളത്. മെഴുകിൽ സംസ്‌കരിച്ച് സൂക്ഷിച്ചിട്ടുള്ള മൃതദേഹം, ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിൽ ക്യാമറയിലേക്ക് നോക്കി കണ്ണുചിമ്മുകയായിരുന്നു. വാർത്ത പുറത്തറിഞ്ഞതോടെ, കത്തീഡ്രലിലേക്ക് വിശ്വാസികൾ പ്രവഹിക്കുകയാണ്.

യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ കാണാനും ലക്ഷങ്ങളെത്തുന്നു. ഇതിനകം ആറുലക്ഷം പേരാണ് ഇതുകണ്ടത്. കണ്ണുചിമ്മിയെന്നത് വിശ്വാസിയുടെ തോന്നൽ മാത്രമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, അതു കാണാൻ ഓരോ നിമിഷവും വിശ്വാസികൾ എത്തുന്നുണ്ട്.

വളരെ നിലവാരം കുറഞ്ഞ ക്യാമറയിലാണ് ഈ ദൃശ്യം പകർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവം വിശ്വാസയോഗ്യമല്ലെന്ന് കൂടുതൽ പേരും അഭിപ്രായപ്പെടുന്നു. ഏതായാലും ക്രിസ്തുമത വിശ്വാസിയായതിന്റെ പേരിൽ കൊല്ലപ്പെടുകയും പിന്നീട് വിശുദ്ധയാക്കപ്പെടുകയും ചെയ്ത സാന്റ ഇന്നസെൻഷ്യക്ക് ഇപ്പോഴത്തെ സംഭവത്തോടെ ലോകമെങ്ങും വിശ്വാസികളെ സൃഷ്ടിക്കാനായിട്ടുണ്ട്.